ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ഈ വർഷം മാർച്ച് ഏഴ്,എട്ട് തിയതികളിലാണ് രാജ്യം ആഘോഷിക്കുന്നത്. ഓരോ പ്രദേശങ്ങളിലും ഹോളി വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. പൂക്കളും പ്രാർത്ഥനകളും നിറങ്ങളുമായാണ് സാധാരണ ഹോളി ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിലുടനീളം ഹോളി വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാറുണ്ട്. ഉത്തർപ്രദേശിലെ മഥുരയിൽ ആഘോഷിക്കുന്ന ലത്മാർ ഹോളി വടിയും കളറും ഉപയോഗിച്ചാണ് കൊണ്ടാടുന്നത്.
അക്ഷരാർത്ഥത്തിൽ വടികൊണ്ട് അടിച്ച് ഹോളി ആഘോഷിക്കുന്നതാണ് ലത്മാർ. പുരുഷന്മാരും സ്ത്രീകളും തമ്മിൽ വടികളും നിറങ്ങളും ഉപയോഗിച്ചാണ് ലത്മാർ ഹോളിയിൽ പങ്കെടുക്കുന്നത്. സ്ത്രീകൾ പുരുഷന്മാരെ വടികൊണ്ട് അടിക്കുകയും പുരുഷന്മാർ അടിയിൽ നിന്നും സ്വയം രക്ഷനേടാൻ കളർ പൊടികൾ വിതറുകയുമാണ് ചെയ്യുന്നത്.
ഉത്തര്‍പ്രദേശിലെ ബര്‍സാന പട്ടണത്തിലാണ് ഈ രീതിയിലെ ഹോളി ആഘോഷിക്കുന്നത്. നന്ദഗാവില്‍ നിന്നുള്ള ശ്രീകൃഷ്ണന്‍ ബര്‍സാനയില്‍ നിന്നുള്ള രാധയും അവളുടെ സുഹൃത്തുക്കളും കളിയാക്കുന്നതിന്റെ ഐതിഹ്യത്തെയാണ് ഇതിലൂടെ പുനഃസൃഷ്ടിക്കുന്നത്. പുരുഷന്മാര്‍ കളിയായി പരിചകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആഘോഷങ്ങളുടെ അന്ത്യത്തിൽ സ്ത്രീകളുടെ ആക്രമണത്തിന് വഴങ്ങും.
ഉത്തർപ്രദേശിൽ ആഘോഷിക്കുന്ന മറ്റൊരു ഹോളിയാണ് ഫുൽവാലി ഹോളി. വൃന്ദാവനത്തിന് ചുറ്റുമാണ് ഈ ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തില്‍ ഭക്തര്‍ നിറമുള്ള പൊടികൾക്ക് പകരം പുഷ്പങ്ങളാണ് എറിയുന്നത്. കൃഷ്ണ വിഗ്രഹം പുഷ്പങ്ങളാല്‍ അലങ്കരിച്ച ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് വിപുലമായ ആഘോഷം നടക്കുന്നത്.
Comments