ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

Published by
Janam Web Desk

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി വിന്ന്യസിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാരും, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടാകും. ഇന്നലെ വൈകുന്നേരം മുതൽ വലിയ തിരക്കാണ് തലസ്ഥാനത്ത് അനുഭവപ്പെടുന്നത്.

സേവാഭാരതി 73 സേവന കേന്ദ്രങ്ങളാണ് നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ, ആംബുലൻസ് സേവനങ്ങളും ഭക്ഷണവും സേവനകേന്ദ്രം വഴി ലഭ്യമാക്കുന്നുണ്ട്. 3000 ൽ അധികം വരുന്ന വോളന്റിയേഴ്‌സിനെയാണ് കേന്ദ്രങ്ങളിൽ സേവാഭാരതി നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാർ സേവനകേന്ദ്രങ്ങളിൽ വൈദ്യസഹായം നൽകും. അത്യാധുനിക സൗകര്യങ്ങളുള്ള 35 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ 10.20-നാണ് അടുപ്പുവെട്ട്. ഉച്ചയ്‌ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8-ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് സമാപനം കുറിക്കും.

കെഎസ്ആർടിസി 400 പ്രത്യേക സർവീസുകളാണ് പൊങ്കാല പ്രമാണിച്ച് നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും. ഇന്ത്യൻ റെയിൽവേയും പൊങ്കാല ദിനത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകൾ സജ്ജീകരിച്ചു. പൊങ്കാലയ്‌ക്ക് ശേഷം ശുചീകരണത്തിന് 3000 പേരെ കോർപറേഷൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

 

 

 

 

 

 

 

 

Share
Leave a Comment