വനിതാ ദിനത്തിൽ കെഎസ്ആർടിസിയിൽ പ്ലക്കാർഡുമായി അനാർക്കലി മരക്കാർ. ‘ജാക്കി വെപ്പ് ജോക്കല്ല’ എന്ന പ്ലക്കാർഡാണ് ശ്രദ്ധ നേടുന്നത്. ‘സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. അതിക്രമങ്ങളെയും അതിക്രമികളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ ഇനി വേണം പ്രതികരണം’ എന്നാണ് ചിത്രത്തിനൊപ്പം അനാർക്കലി കുറിച്ചത്.
നിരവധി പേരാണ് അനാർക്കലിയ്‌ക്ക അഭിനന്ദനവുമായി സമൂഹമാദ്ധ്യമങ്ങളിലെത്തിയത്. ‘അടുത്തിടെ ഇറങ്ങിയ ഒരു സിനിമിൽ ഇതിനെ തമാശ രീതിയിലോ മോശമായ രീതിയിലോ സംഭാഷണത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും അതൊരു ഡബിൾ മീനിംഗ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പോസ്റ്റിനെ പരിഹസിച്ചുള്ള കമന്റുകളും ചിലർ പങ്കുവെച്ചിരുന്നു.
വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി സിനിമാ താരങ്ങളാണ് ആശംസകൾ പങ്കുവെച്ചത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ക്ലൈമാക്‌സിൽ നിമിഷ സജയൻ മലിനജലം ഒഴിക്കുന്നതിന്റെ ചിത്രവും വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയ ജയ ജയ ഹേയിലെ നായികയുടെ ചിത്രം പങ്കുവെച്ചാണ് സംവിധായകൻ വിപിൻ ദാസ് വനിതാ ദിനാശംസകൾ നേർന്നത്.
Comments