തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്ന് ബിസിനസ്സുകാരനായ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇയാൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായുള്ള ബന്ധവും കേരളം ചർച്ച ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വപ്നയ്‌ക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ കേസ് കൊടുക്കാത്തതെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്ജ് ചോദിച്ചു. വിജേഷിന് എം.വി ഗോവിന്ദനുമായി ബന്ധമുണ്ടെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പിസി ജോർജ്ജ് പറഞ്ഞു.
‘വിജേഷ് പിള്ള ഒരു ഫ്രോഡാണ്. നാണയ വിനിമയ ഇടപാടിൽ കൃത്രിമം കാണിച്ച കേസിൽ പ്രതിയാണ്. എം.വി ഗോവിന്ദനുമായി ഇയാൾക്ക് ബന്ധമുണ്ട്. ഓരോ ദിസവും സ്വപ്‌നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാതിരിക്കാൻ സാധ്യമല്ല. ഓരോ ദിവസവും കഴിയുമ്പോഴും അവർ തെളിവുകളോടെ ഓരോന്ന് പുറത്തു വിടുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി വിജയനും എം.വി ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത്. സ്വപനയുടെ ആരോപണങ്ങളിൽ ഏതെങ്കിലും തെറ്റാന്ന് തെളിയിക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിഞ്ഞോ’.
‘ശിവശങ്കറിന്റയും സി.എം രവീന്ദ്രന്റെയും പങ്ക് വെളിപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെയും ചോദ്യം ചെയ്യേണ്ടി വരും. മകളെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരും. നിയമസഭയിൽ ചോദ്യങ്ങളെ നേരിടുന്ന പിണറായി വിജയന്റെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാണ് മുഖ്യമന്ത്രിയുടെ പങ്ക്. രാജി വെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ നാണക്കേടാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല പുറത്തും സ്വർണ്ണക്കടത്ത് കേസ് വാർത്തയാണ്. മനസാക്ഷിയില്ലാതെ കട്ടുമുടിക്കുകയാണ് മുഖ്യമന്ത്രി’ എന്ന് പി.സി ജോർജ്ജ് പറഞ്ഞു.
Comments