തിരുവനന്തപുരം: കെടിയു വിസി സിസ തോമസിനെതിരെ നടപടിയുമായി സർക്കാർ. മുൻകൂർ അനുവാദമില്ലാതെ സ്ഥാനമെറ്റടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. സർക്കാർ നൽകിയ പേരുകൾ തള്ളി സിസയെ ഗവർണ്ണർ നിയമിക്കുകയായിരുന്നു. സിസയുടെ നിയമനം മുതൽ സർക്കാർ വിഷയത്തിൽ ഉടക്കിലായിരുന്നു. നിയമനം നടത്തി 5 മാസങ്ങൾക്ക് ശേഷമാണ് വിസി ചുമതലയേറ്റതിനുള്ള കാരണം കാണിക്കാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റിയെങ്കിലും പകരം നിയമിച്ചിരുന്നില്ല. തുടർന്ന് സിസയുടെ പരാതിയിൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. സിസയുടെ ഹർജിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവിറക്കിയത്. സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ എം.എസ് രാജശ്രീയെയാണ്.
സാങ്കേതിക വകുപ്പിൽ സീനിയർ ജോയിൻറ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ കെടിയു വിസിയായി നിയമിക്കുന്നത്. സർക്കാർ ഗവർണർക്കെതിരെ നടത്തുന്ന പകപോക്കൽ പ്രവർത്തനങ്ങളുടെ ഭാഗമാണ് സിസയ്‌ക്ക് നേരെ നടക്കുന്നതെന്നും വാദം ഉയരുന്നുണ്ട്. സർക്കാർ വാദങ്ങൾ തള്ളിയാണ് ഗവർണർ സിസയെ വിസിയാക്കുന്നത്. ഇതോടെ സിസ സർക്കാറിന് അനഭിമതയാകുകയായിരുന്നു.
Comments