കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ച് കൊച്ചി നഗരം വിഷപ്പുകയിൽ മൂടുമ്പോഴും നടപടികൾ കൈക്കൊള്ളാൻ മടിക്കുന്ന പിണറായി സർക്കാരിനെ വിമർശിച്ച് സംവിധായകൻ അരുൺ ഗോപി. എങ്ങനെയാണ് ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതെന്നും ആരോട് പരാതി പറയാനെന്ന് സ്വയം തോന്നി പോകുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ വിഷപ്പുക തീർക്കുന്ന മാരക പ്രശ്നങ്ങളിൽ നിന്നും കൊച്ചിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അരുൺ ഗോപി ചൂണ്ടിക്കാണിച്ചു.
‘വിഷം പുകയുന്ന കൊച്ചി. എങ്ങനെയാണ് ഒരു ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നത്. ഒരു ജനതയെ തലമുറകളോളം ബാധിക്കുന്ന കൊടിയ പീഡനങ്ങളിലേക്കു തള്ളിയേക്കാവുന്ന മാരകമായ വിഷപ്പുക അവന്റെ ബെഡ്‌റൂമിൽ വരെ എത്തിക്കുന്ന തരത്തിലുള്ള ജാഗ്രതക്കുറവ് എങ്ങനെ സംഭവിക്കുന്നു. ദിവസങ്ങൾ കടന്നു പോയിട്ടും മാറ്റമില്ലാതെ തുടരുന്ന പുകയെ കൊച്ചിയിലെ ഒരോ മനുഷ്യന്റെയും ശരീരത്തിൽ എത്തിച്ചേ അടങ്ങൂ എന്ന് വാശിയിലാണോ?’
‘കുഞ്ഞുങ്ങൾ തീരെ ചെറുതാണ്. എന്റെ കാര്യം മാത്രമല്ല, പലർക്കും പ്രായമായ അച്ഛനമ്മമാർ ഉണ്ട്. ഇവരുടെയൊക്കെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ പ്രതികരണ ശേഷി നഷ്ട്ടപെട്ടു പോയിട്ടല്ല പ്രതികരിക്കാത്തത്. ആരോട് പറയാൻ ആണെന്ന് സ്വയം തോന്നി തുടങ്ങി സർ!! നിങ്ങൾ കരുതുംപോലെ ഈ വിഷപ്പുക ഇലക്ഷന് മുന്നേ അണച്ചു ആളുകളുടെ മറവിരോഗത്തിൽ സ്വയം രക്ഷപെടാം എന്ന് ആണെങ്കിൾ ഈ വിഷപ്പുക തീർക്കുന്ന മാരക പ്രശ്നങ്ങളിൽ നിന്നും ഒരുപക്ഷേ കൊച്ചിക്ക് ഒരു തിരിച്ചുവരവ് ഒരു ഇലക്ഷനല്ല പല ഇലക്ഷൻ കഴിഞ്ഞാലും അസാധ്യമാകും’ എന്നാണ് അരുൺ ഗോപി സർക്കാരിനെ വിമർശിച്ച് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments