ഉപ്പില്ലാതെ ഭക്ഷണം കഴിക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ബിസിഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെയും തടാകങ്ങളിലെയും ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും അമേരിക്കയും. വലിയ വില കൊടുക്കാതെ നാം ഉപ്പ് കടകളിൽ നിന്നും മേടിക്കാറുണ്ട്. എന്നാൽ ഉപ്പിന് വലിയ വില കൊടുക്കേണ്ടി വന്നാലോ!. എന്നാൽ അങ്ങനെ ഒരു ഉപ്പ് ഉണ്ട്. ഐസ്ലാൻഡിൽ ഉൽപാദിപ്പിക്കുന്ന ഉപ്പിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.
ഐസ്ലാൻഡിലെ ഉപ്പ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പാണ്. അതിന്റെ പേരാണ് നോറൂർ ഉപ്പ്. ലോകത്തിലെ എല്ലാ പാചകക്കാർക്കും ഇഷ്ടപ്പെട്ട ഈ ഉപ്പ് വളരെ ചെലവേറിയതാണ്. വെറും 90 ഗ്രാം ഉപ്പിന് ഏകദേശം 11 ഡോളർ വരും വില. അതായത്, ഇന്ത്യൻ രൂപയിൽ 900 രൂപ നൽകേണ്ടി വരും. ഒരു കിലോ നോറൂർ ഉപ്പ് വാങ്ങണമെങ്കിൽ 9 ലക്ഷത്തിനടുത്ത് രൂപ വേണം. ഐസ്ലാൻഡിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കൈകൊണ്ടാണ് ഐസ്ലാൻഡിക് ഉപ്പ് നിർമ്മിക്കുന്നത്.
ഐസ്ലാൻഡിലെ വെസ്റ്റ്ജോർഡ്സിലെ സാൾട്ട്വർക്ക് ഫാക്ടറിയിലാണ് ഉപ്പ് നിർമ്മാണം നടക്കുന്നത്. 1753-ലാണ് ജിയോതെർമൽ പ്രൊഡക്ഷൻ രീതി ആദ്യമായി പരീക്ഷിച്ചത്. അതിനുശേഷം ഐസ്ലാൻഡിലും ഡെൻമാർക്കിലും ശ്രദ്ധാപൂർവ്വം ഉപ്പ് നിർമ്മിക്കാൻ ആരംഭിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം വർഷത്തിൽ പല ദിവസങ്ങളിലും ഈ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. 1996-ൽ റോഡ് ടണലിന്റെ നിർമ്മാണത്തിനുശേഷം ഇവിടെ സ്ഥിതി മെച്ചപ്പെട്ടു. ഓരോ വർഷവും 10 മെട്രിക് ടൺ ഉപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ഉപ്പ് തയ്യാറാക്കുന്നത്.
Comments