ഓസ്കർ വേദിയിൽ ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള കീരവാണിയുടെ മറുപടി പ്രസംഗമാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം. കാർപെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്നും ഇപ്പോൾ ഓസ്കറിനൊപ്പം ഈ വേദിയിൽ നിൽക്കുന്നുവെന്നുമാണ് കീരവാണി പറഞ്ഞത്. ചില മലയാള മാദ്ധ്യമങ്ങളാകട്ടെ കീരവാണിയുടെ പ്രസംഗത്തിന്റെ തർജ്ജമ ചെയ്തത് ‘ആശാരിമാരെ കേട്ടാണ് താൻ വളർന്നത്, മരത്തിൽ കൊത്തുപണികൾ നടത്തുന്നവരുടെ തട്ടും മുട്ടും കേട്ട് അതിൽ താളം പിടിച്ചിരുന്നു’- എന്നിങ്ങനെയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും കാരണമായി.
എന്നാൽ, കീരവാണി പറഞ്ഞ കാർപെന്റേഴ്സ് ആശാരിപ്പണിക്കാരല്ല. കാർപെന്റേഴ്സ് എന്നത് അമേരിക്കയിൽ ഒരുകാലത്ത് വമ്പൻ തരംഗമുണ്ടാക്കിയ ബാൻഡ് സംഘമാണ.് അറുപതുകളിലും എഴുപതുകളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരംകൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡ് സംഘം. സഹോദരങ്ങളായ കരേൻ, റിച്ചാർഡ് കാർപെന്റർ എന്നിവർ ചേർന്നാണ് ‘കാർപെന്റേഴ്സ് രൂപീകരിച്ചത്.
1968-ൽ ഡൗണിയിൽ ആണ് ബാൻഡ് രൂപം കൊണ്ടത്. വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കൽ ശൈലിയാണ് കാർപെന്റേഴ്സിന്റേത്. 14 വർഷത്തെ കരിയറിൽ 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും റെക്കോർഡ് ചെയ്തു. ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട്ട് യു, ഓൺലി യെസ്റ്റർഡേ, ടച്ച് മി വെൻ യു ആർ ഡാൻസിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം, ക്ലോസ് ടു യു…തുടങ്ങിയ പാട്ടുകളാണ് കാർപെന്റേഴ്സിന്റെ ഹിറ്റായ ഗാനങ്ങൾ.
ഒരു കാലത്ത് യുവജനങ്ങൾക്കിടയിൽ കാർപെന്റേഴ്സ് ബാൻഡുണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. 1983-ൽ കരേൻ അകാലത്തിൽ വിടപറഞ്ഞതോടെയാണ് കാർപെന്റേഴ്സ് ബാൻഡിന്റെ ശബ്ദവും നിലച്ചുപോയത്. ഈ കാർപെന്റേഴ്സ് ബാൻഡിന്റെ ഗാനങ്ങൾ കേട്ട് വളർന്നതിനെക്കുറിച്ചാണ് ഓസ്കർ വേദിയിൽ കീരവാണി പ്രസംഗിച്ചത്. കാർപെന്റേഴ്സിന്റെ ടോപ്പ് ഓഫ് ദ വേൾഡ് എന്ന ആൽബത്തിലെ ഗാനം സ്വന്തം വരികളിലേക്ക് മാറ്റി അദ്ദേഹം ഓസ്കർ വേദിയിൽ ആലപിക്കുകയും ചെയ്തു.
Comments