ആർആർആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ച അംഗീകാരം ഇന്ത്യൻ സംഗീത ശാഖയ്‌ക്ക് ലഭിച്ച് അംഗീകാരം കൂടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏആർ റഹ്മാന് ശേഷം എം.എം കീരവാണിയും. ആർആർആറും ഓസ്കറിൽ ചരിത്രമെഴുതിയിരിക്കുന്നു. ഇന്ത്യൻ സ്വന്തന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ഇതിഹാസങ്ങളായ അല്ലൂരി സീത രാമ രാജുവും, കോമരം ഭീമും ലോകത്തിന് മുഴുവൻ ഇന്ന് പരിചിതമായ പേരുകളായിരിക്കുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു.
ദേശീയതയിൽ ഊന്നിയ ഒരു ചിത്രം ലോക വേദികളിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുൻപെങ്ങും ഇല്ലാത്ത രീതിയിൽ ദേശീയതയിൽ ഊന്നിയ ചിത്രങ്ങൾ സധൈര്യം നിർമിക്കാൻ സിനിമ പ്രവർത്തകർ മുന്നോട്ട് വരുന്നുണ്ട്. വളച്ചൊടിക്കപെട്ട ചരിത്രങ്ങൾ തുറന്ന് കാട്ടാനും ഇത് വഴി അവസരങ്ങൾ ലഭിക്കുന്നു.
രാജമൗലി എന്ന ദീർഘ വീക്ഷകനും, വിജയേന്ദ്ര പ്രസാദ് എന്ന മഹാനായ തിരക്കഥാകൃത്തിനും, എംഎം കീരവാണി എന്ന പ്രായം തളർത്താത്ത സംഗീത വീര്യത്തിനും, ഗാനരചയിതാവ് ചന്ദ്രബോസിനും ഇന്ത്യയുടെ അഭിനന്ദനങ്ങൾ. ഇതുവരെ വിദേശ സിനിമ പ്രവർത്തകരുടെ കണ്ണിലൂടെയുള്ള ഇന്ത്യൻ സിനിമകളാണ് ഓസ്കർ വേദിയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആർആർആർ എന്ന പൂർണമായും ഭാരതീയ ചിന്തകളിൽ നിന്നുള്ള ചിത്രം അതിന് മാറ്റമുണ്ടാക്കുമ്പോൾ ഇന്ത്യൻ സിനിമ ലോകത്തിനുണ്ടാകുന്ന പ്രതീക്ഷകൾ ചെറുതല്ല എന്നും സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments