പത്തനംതിട്ട: ഹൈന്ദവ ബിംബങ്ങളെ ഇനിയും പാർട്ടി പരിപാടികളിൽ ഉപയോഗിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചെങ്ങന്നൂരിലെ പ്രതിരോധ ജാഥയ്ക്കിടെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായ ജീവിതയുടെ രൂപസാദൃശ്യമുള്ള ഫ്ളോട്ട് ഉപയോഗിച്ച് ഹിന്ദുവിശ്വാസത്തെ അവഹേളിച്ച സിപിഎം നേതൃത്വത്തിനെതിരെ ഭക്തരുടെ പ്രതിഷേധം ഉയരുമ്പോഴാണ് വെല്ലുവിളിയുമായി എം.വി ഗോവിന്ദൻ രംഗത്തു വന്നിരിക്കുന്നത്. അരിവാൾ ചുറ്റിക വച്ചതോടെ ജീവിത എഴുന്നള്ളത്ത് എന്നത് അനുഷ്ഠാനമല്ലാതെ ആയല്ലോ എന്നാണ് എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘അരിവാൾ ചുറ്റിക വച്ചതോടെ അനുഷ്ഠാനം പോയല്ലോ. അരിവാൾ ചുറ്റിക വെച്ചിട്ടാണോ അവിടുത്തെ അനുഷ്ഠാനം. ചിലർ ആവശ്യമില്ലാതെ ഓരോന്ന് പറയുന്നതാണ്. അരിവാൾ ചുറ്റിക അവിടെ വെച്ചതാണ് ചിർക്ക് പ്രശ്നം. ഇങ്ങനെയുള്ള ബിംബങ്ങളെയൊക്കെ ഉപയോഗിക്കും. പടയണിയും തെയ്യവും എല്ലാം ഉപയോഗിക്കുന്നുണ്ട്. പ്രതിരോധ ജാഥ ഒരു ഉത്സവമാണ്. വെറും ഉത്സവമല്ല, മഹോത്സവമാണ്. നൂറ് കണക്കിന് വേഷങ്ങൾ പരിപാടിൽ സിപിഎം ഉൾക്കൊള്ളിക്കുന്നുണ്ട്. അതിനാൽ ഇനിയും ഹിന്ദു ബിംബങ്ങളെ ഉപയോഗിക്കും’ എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് ദേശദേവത എഴുന്നെള്ളുന്ന വാഹനമാണ് ജീവിത. ആചാരനുഷ്ഠനത്തോടെ തോളിലേറ്റുന്ന ജീവത ചുവടുവെച്ചാണ് എഴുന്നെള്ളിക്കുന്നത്. എന്നാൽ പാർട്ടി പരിപാടിയിൽ ഫ്ളോട്ട് പിടിച്ചിരിക്കുന്നവർ പരിഹസിക്കുന്ന തരത്തിലാണ് ചുവട് വെയ്ക്കുന്നത്. അതേസമയം, ഹിന്ദുവിശ്വാസത്തെ അവഹേളിക്കുന്ന വിധത്തിൽ ജീവതയെ ചിത്രീകരിച്ചതിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം നടത്തി.
Comments