ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം മാറ്റിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2014-ന് മുൻപുണ്ടായിരുന്ന രാഷ്ടീയ സംസ്കാരമല്ല നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള രഷ്ട്രീയ സംസ്കാരമെന്ന് നദ്ദ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന യുവമോർച്ച ദേശീയ യൂത്ത് പാർലമെന്റിന്റെ വീഡിയോ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരത്തെ മാറ്റിമറിച്ചു. 2014-ന് മുൻപ് നമ്മുടെ രാജ്യം ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇന്ന് ഒരു വലിയ പരിവർത്തനം സംഭവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഏത് കോണിൽ പോയാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി കൊണ്ടുവന്ന മാറ്റത്തെക്കുറിച്ച് എല്ലാവരോടും പറയണമെന്ന് ഈ വേളയിൽ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ മുൻനിര രാജ്യങ്ങളിൽ ഒന്നായി വളർന്നിരിക്കുകയാണ്’ നദ്ദ ചൂണ്ടിക്കാട്ടി.
‘ദേശീയ വിഷയങ്ങളിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കണം. രാജ്യത്തെ യുവാക്കളെ വീഡിയോ കോൺഫറൻസിലൂടെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തമിഴ്നാട് ഏറ്റവും പഴക്കമേറിയ ഭാഷയുള്ള മഹത്തായ ഭൂമിയാണ്. തമിഴ്നാട് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹത്തായ നാടാണ്. ക്ഷേത്രങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണിവിടം. യുവാക്കളെ സംയോജിപ്പിച്ച് ജനാധിപത്യത്തിന്റെ ഭാഗമാക്കണം’അദ്ദേഹം പറഞ്ഞു.
2022-ലെ ദേശീയ എയർ സ്പോർട്സ് നയം രാജ്യത്തിന്റെ സുപ്രധാന ചുവടുവെയ്പ്പായി നദ്ദ വിശേഷിപ്പിച്ചു. എയർ സ്പോർട്സ് ഇക്കോസിസ്റ്റം പ്രദാനം ചെയ്യുന്നതിലൂടെ 2030-ഓടെ ഇന്ത്യയെ മികച്ച കായിക രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments