ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റികളിലൊന്നായി അയോദ്ധ്യ മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിലെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. ഏറ്റവും മനോഹരമായ അയോദ്ധ്യ നഗരത്തെ ഒരു വർഷത്തിനുള്ളിൽ കാണാനാകും. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജോലികൾ പൂർത്തിയാകുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
അയോദ്ധ്യയിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയ യോഗി ആദിത്യനാഥ് അവലോകന യോഗം നടത്തി ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചും മുഖ്യമന്ത്രി ആരാഞ്ഞു. അയോദ്ധ്യയിൽ പണി നടക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളും മുഖ്യമന്ത്രി പരിശോധിച്ചു.
അയോദ്ധ്യ നഗരത്തിന്റെ വികസനത്തിനായി 32,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നിലവിൽ നടപ്പിലാക്കുന്നത്. രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ഇതിനോടകം 70 ശതമാനം നിർമാണം പൂർത്തിയായെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു.
Comments