ഇടുക്കി : മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കു വെടിവെയ്‌ക്കുമെന്ന് അറിയിച്ച് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ്. അന്ന് തന്നെ അരിക്കൊമ്പനെ പിടിക്കാൻ സാധിച്ചില്ലെങ്കിൽ മാർച്ച് 26-ന് രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെഭാഗമായി മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്നതിന് നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ഇത്തവണ ദൗത്യം വിജയിക്കുമെന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. കുഞ്ചു, കോന്നി സുരേന്ദ്രൻ, സൂര്യൻ എന്നീ കുങ്കികളും 26 അംഗ സംഘവും 23 ന് ചിന്നക്കനാലിലെത്തും. അതേസമയം ആനയെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. അരിയും മറ്റും എത്തിച്ച് ആനയെ ആകർഷിച്ച് ഇവിടെയ്‌ക്ക് എത്തിച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. സാഹചര്യങ്ങൾ അനുകൂലമായാൽ 23-ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇതിനു മുന്നോടിയായി 21ന് ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
ദൗത്യസംഘം ഉദ്ദേശിക്കുന്ന സ്ഥലത്ത് ആനയെ എത്തിച്ചാൽ മാത്രമേ മയക്കുവെടി വെക്കാനാവൂ. ആനയെ ലോറിയിൽ കയറ്റണമെങ്കിൽ റോഡ് വേണം. പ്രദേശത്തേക്ക് റോഡില്ലെങ്കിൽ റോഡ് നിർമ്മിക്കേണ്ടതായി വരും, ഇത്തരത്തിൽ സങ്കീർണ്ണതകൾ ഏറെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ.
Comments