സീതത്തോട്: വീട്ടുവരാന്തയിൽ കടുവയും കേഴമാനും. പത്തനംതിട്ട സീതത്തോടിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ചെ 5.45-ന് ജനവാസ മേഖലയായ പടയനിപ്പാറ പാറയ്‌ക്കൽ സുരേഷിന്റെ വീടിന്റെ വരാന്തയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്. പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് വരാന്തയിൽ നിന്ന് കടുവയും കേഴമാനും ഓടിപ്പോകുന്നത് കണ്ടത്.
സുരേഷ് വീട്ടിലേക്ക് കയറുമ്പോൾ മുറ്റത്തേക്ക് ചാടിയ കടുവ, സുരേഷിന്റെ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്ത് കൂടി റബർ തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് മറ്റുള്ളവർ ഉണരുന്നത്. കേഴമാനിനെ വനത്തിൽനിന്ന് കടുവ ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതപ്പെടുന്നു.
വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കാൽപാടുകൾ കടുവയുടേതെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനപാലകരെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും വടശ്ശേരിക്കര റേഞ്ച് ഓഫീസർ കെ.വി.രതീഷ് അറിയിച്ചു.
Comments