കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവമഹാമഹം മാർച്ച് 27-ന് വൈകുന്നേരം 5 മണിക്കുള്ള ഗുരുപൂജയോടുകൂടി ആരംഭിച്ചു. ഏപ്രിൽ 01 -ന് രാവിലെ 8.40-ന് തങ്കരഥത്തിൽ ദേവി പുറത്തെഴുന്നള്ളി, ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 10.15-ന് പൊങ്കാല നടക്കും. ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നളളിച്ച് ഉച്ചയ്‌ക്ക് 2.15-ന് പൊങ്കാല തർപ്പണവും രാത്രി അത്താഴപൂജയ്‌ക്ക് ശേഷം ഗുരുസിക്കളത്തിൽ ദേവിയുടെ ഉടവാൾ എഴുന്നളളിച്ച് താന്ത്രിക വിധി പ്രകാരമുളള ഗുരുസിയോടുകൂടി പര്യവസാനിക്കുന്നു.
കേരളത്തിലെ പ്രസിദ്ധവും പുണ്യപുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് വശത്ത് 5 കിലോമീറ്റർ മാറി കടകംപള്ളി പഞ്ചായത്തിലെ കരിക്കകം എന്ന സ്ഥലത്ത് പാർവ്വതി പുത്തനാറിന്റെ തീരത്താണ് പ്രശസ്തമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട ശക്തി ക്ഷേത്രമാണിത്.
വനശൈലാദ്രി സ്ഥാന നിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവഭാഗത്ത് നിന്നാണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രഹ്‌മണാചാര്യന്റെ ഉപാസനാമൂർത്തിയായി പരിലസിച്ചിരുന്ന ആ ദേവിയെ തന്ത്രിവര്യന്റെ സന്തതസാഹചര്യത്വം സിദ്ധിച്ച മടത്തുവീട് തറവാട്ടിലെ കുടുംബ കാരണവരായ യോഗിവര്യന് ഉപാസിച്ചുകൊള്ളാൻ തന്ത്രി ഉപദേശിച്ചിട്ടുള്ളതും അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തിൽ സാന്നിദ്ധ്യം ചെയ്ത് ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്തുവന്ന് പച്ചപന്തൽ കെട്ടി ദേവിയെ കുടിയിരുത്തുകയും അതിന് ശേഷം ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടുതന്നെ വിധിപ്രകാരം ദേവിയെ പ്രതിഷ്ടിച്ച് പൂജാദികർമ്മങ്ങൾ നടത്തിയതിൽ ദേവി ആരാധന മൂർത്തിയായി സാന്നിദ്ധ്യം ചെയ്ത് ത്രിഗുണാത്മികയും ഭക്തജനങ്ങൾക്ക് അഭീഷ്ടവരദായിനിയായും പരിലസിച്ചു പോരുന്നു.
പണ്ട് രാജഭരണകാലം മുതൽ രാജാവിന്റെ നീതി നിർവ്വഹണ ക്ഷേത്രമായി പരിലസിച്ചു വരുന്നതാണ് ഈ ക്ഷേത്രം. കുറ്റവും ശിക്ഷയും നീതിയും അനീതിയും നിർവ്വഹിക്കുന്ന ഒരു പരീക്ഷണ ക്ഷേത്രവുമാണ്്. ഈ സന്നിധി, ഇന്നും ഈ ആധുനിക യുഗത്തിൽ കോടതി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിയിക്കപ്പെടാതെ വരുന്ന നിരവധി കേസുകൾ ദേവീ സാന്നിദ്ധ്യത്തിൽ സത്യം ചെയ്ത് തെളിയിക്കുന്നതിന് വിധിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ദേവീസങ്കൽപ്പത്തെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്ന കേരളത്തിലെ ഏകക്ഷേത്രം, നടതുറന്ന് തൊഴൽ നേർച്ചയുള്ള ക്ഷേത്രം, സത്യം ചെയ്യിക്കൽ ചടങ്ങുള്ള ക്ഷേത്രം എന്നീ വിശേഷണങ്ങളിൽ ഈ ക്ഷേത്രം അതിപ്രശസ്തമാണ്.
കരിക്കകം ഉഗ്രസ്വരൂപിണിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡി ദേവിയുടെ നട ഭക്തജനങ്ങളുടെ നേർച്ചയായ പിഴ അടച്ചു തുറന്നു പ്രാർത്ഥിച്ചാൽ വിചാരിക്കുന്ന കാര്യം നടക്കുമെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തുന്നത്. അതിനാൽ നടതുറന്ന് തൊഴൽ എന്ന നേർച്ചയ്‌ക്ക് ദിനംപ്രതി ദേശവിദേശങ്ങളിൽ നിന്നുവരെ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പണ്ട് രാജകൊട്ടാരത്തിൽ നിന്നും കളവു പോയ മുതൽ എവിടെ രക്തചാമുണ്ഡി നട തുറന്നു നേർച്ചകൾ നേർന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി തിരികെ ലഭിച്ചതായും അതിന് പരിഹാരമായി മഹാരാജാവ് ഒരു വർഷത്തെ അടക്കിക്കൊടമഹോത്സവം (ഉത്സവമഹാമഹം) നേർച്ചയായി നടത്തിയതായും പഴമക്കാർ പറയുന്നു.
മുൻവർഷങ്ങളിൽ ദിക്കുബലി എന്ന ഒരു ചടങ്ങിന് ദേവി പുറത്തെഴുന്നെള്ളുമായിരുന്നു. കോളറ, വസൂരി തുടങ്ങിയ മാരക രോഗങ്ങൾ നാട്ടിൽ പടർന്നു പിടിക്കുമ്പോൾ, നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അത്തരത്തിൽ ഒരു ചടങ്ങ് നടത്തിയിരുന്നത്. അതിന് നിർബന്ധമായും പരമ്പരാഗത രീതിയിലുള്ള വാദ്യമേളങ്ങൾ ഉണ്ടായിരിക്കുകയും, അനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്തിരുന്നു. ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ നാല് ദിക്കിലായി ഇതിന്റെ പൂജകളും കുരുതിയും നടത്തിയിരുന്നു. ഇന്ന് അത് ഉത്സവനാളിൽ ദേവിയുടെ പുറത്തെഴുന്നള്ളത്തായി ആചരിച്ചുവരുന്നു. തലമുറക്കാരും ജ്യോതിഷ പണ്ഡിതന്മാരും 600 വർഷത്തിലേറെ പഴക്കമാണ് കരിക്കകം ക്ഷേത്രത്തിന് നിർണ്ണയിക്കുന്നത്.
സാധാരണ ദേവിക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പല ആചാരങ്ങളും നിർമ്മാണരീതിയുമാണ് ഇവിടെ കാണപ്പെടുന്നത്. തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിലേത് പോലെ മനോഹരമായ വലിയ അലങ്കാര ഗോപുരമാണ് കരിക്കകം ക്ഷേത്രത്തിലെ ഒരു പ്രത്യേകത. പരാശക്തിയുടെ അതിമനോഹരമായ ശില്പങ്ങളും കാളീ രൂപങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ആധുനിക ശൈലി കൂടി ചേർന്ന സമന്വയിച്ചിരിക്കുന്ന വ്യത്യസ്തവും സുന്ദരവുമായ നിർമ്മാണ രീതിയാണ് കൈക്കൊണ്ടിട്ടുള്ളത്.മുഖ്യ പ്രതിഷ്ഠ ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി ദേവിയാണ്. ഭഗവതി ഇവിടെ മൂന്ന് ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. കരിക്കകത്തമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു.
ശ്രീ ചാമുണ്ഡേശ്വരി ദേവീ നട
കരിക്കകത്ത് പ്രധാന ശ്രീകോവിലിൽ കുടികൊള്ളുന്ന ദേവിയാണ് ശ്രീ ചാമുണ്ഡേശ്വരി ദേവീ. ആദിപരാശക്തിയുടെ ഒരു ഭാവമാണ് ഇത്. പുഞ്ചിരി തൂകുന്ന ഭഗവതിയുടെ പഞ്ചലോഹ നിർമ്മിതമായ മനോഹരമായ പ്രതിഷ്ഠയാണ് ഇവിടെ കാണാൻ കഴിയുന്നത്. ചുവന്ന പൂക്കൾ കൊണ്ടുള്ള പുഷ്പാഞ്ജലിയാണ് ഇവിടുത്തെ ഒരു പ്രധാന വഴിപാട്. മുൻകാലങ്ങളിൽ വെള്ളി മുഖത്തോടുകൂടിയായ കലമാൻ കൊമ്പിൽ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു ചാമുണ്ഡേശ്വരി ദേവിയുടേത്. പ്രശ്‌നവിധിയിൽ ഭക്തർക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാർത്ഥിക്കാൻ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടർന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവിൽ അതേ അളവിൽ നിർമ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തിൽ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു. 1997 മാർച്ച് 21-നാണ് പ്രതിഷ്ഠ കർമ്മം നടന്നത്. നിത്യശാന്തിക്കും മാറാരോഗങ്ങൾ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ജനങ്ങളാണ് ദേവിയെ ദിനംപ്രതി തൊഴുത് മടങ്ങുന്നത്. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്. ഇത് ദേവീ നടയിലെ പൂജ എന്നാണ് അറിയപ്പെടുന്നത്. കഷ്ടതകളും പ്രയാസങ്ങളും രോഗദുരിതങ്ങളും ദേവീകടാക്ഷത്താൽ മാറികിട്ടുന്നതിനാണ് ഈ പൂജ നടത്തുന്നത്. കടും പായസമാണ് ദേവിയുടെ ഇഷ്ടനിവേദ്യം.
അർച്ചന, രക്തപുഷ്പാർച്ചന, സ്വയംവരാർച്ചന, സഹസ്രനമാർച്ചന, പാൽപ്പായസം, പഞ്ചാമൃതഭിഷേകം, നെയ്യ് വിളക്ക്, വച്ചുനിവേദ്യം, പൗർണ്ണമിപൂജ, സാരിചാർത്ത്, പിടിപ്പണം വാരൽ, ഉടയാടകൾ നേർച്ച എന്നിവ ഈ നടയിൽ വഴിപാടായി നടത്താവുന്നതാണ്. രാവിലെ നിർമ്മാല്ല്യദർശനം കഴിഞ്ഞാൽ ഉടൻ ദേവിക്ക് നടത്താവുന്ന വഴിപാടാണ് പഞ്ചമൃതാഭിഷേകം. കാര്യങ്ങൾ താമസം കൂടാതെ നടക്കുന്നതിനും, ദോഷങ്ങൾ മാറി കിട്ടുന്നതിനുമായി ദേവിക്ക് തുടർച്ചയായി 13 വെള്ളിയാഴ്‌ച്ച രക്തപുഷ്പാർച്ചന നടത്തുന്നതും ദേവിയെ ദർശിക്കുന്നതും വളരെ ഉത്തമമാണ്. അതുകൂടാതെ ദേവീനടയിൽ നിന്നും ദേഹസൗഖ്യത്തിനും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടു പേടിക്കാതിരിക്കാനും ബാധകൾ കൊണ്ടുള്ള ദോഷങ്ങൾ മാറുന്നതിനും ചരട് ജപിച്ചു കെട്ടുന്നു. തകിടെഴുതി ദേവീ പാദത്തിൽ വച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷയ്‌ക്കും ദേഹരക്ഷയ്‌ക്കും മറ്റ് ദോഷങ്ങളിൽ നിന്നുള്ള രക്ഷയ്‌ക്കും വളരെ ഉത്തമമാണ്.
രക്തചാമുണ്ഡി നട
ഉഗ്രരൂപത്തിലുള്ള കാളിയാണ് രക്തചാമുണ്ഡി. ഭദ്രകാളിയുടെ വലിയ ചുവർ ചിത്രമാണ് ഈ നടയിലുള്ളത്. ചണ്ഡമുണ്ഡൻമാരെ വധിച്ചതിന് ശേഷമുള്ള രൗദ്രഭാവമാണ് രക്ത ചാമുണ്ഡിയ്‌ക്ക്. പ്രതിഷ്ഠ ഒന്നും തന്നെയില്ല ഇവിടെ. എപ്പോഴും അടഞ്ഞു കിടക്കുന്ന ഈ നടയിൽ നടതുറപ്പ് വഴിപാട് നടക്കുന്ന സമയത്ത് ഒരു മിനിറ്റ് മാത്രമാണ് ദർശന സമയം. കരിക്കകം ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും തിരക്കേറിയതുമായ നട ഇത് തന്നെയാണ്. ക്ഷിപ്രപ്രസാദിനിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡി കുടികൊള്ളുന്ന ആലയമാണ്. എവിടെ രൗദ്രഭാവത്തിലുള്ള രക്തചാമുണ്ഡി ദേവിയുടെ ചുവർചിത്രമാണ്. പണ്ട് രാജഭരണകാലത്ത് നീതി നിർവ്വഹണത്തിനുവേണ്ടി ഈ സങ്കേതത്തിൽ വന്ന് സത്യം ചെയ്യുക എന്നത് ഒരു ചടങ്ങായിരുന്നു. കോടതി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിയാത്ത കേസുകൾക്ക് ഈ നടയിൽ വന്ന് സത്യം ചെയ്യുന്നത് നിത്യ സംഭവമാണ്. ഇപ്പോഴും നാടിന്റെ നാനഭാഗത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും പണമിടപാടുകളിലെ പിശകുകൾക്കും മോഷണങ്ങൾക്കും പിടിച്ചുപറി, തട്ടിപ്പ്, ജോലിസംബന്ധമായ തടസ്സങ്ങൾ, വസ്തു ഇടപാടുകളിലെ തർക്കം എന്നിവയ്‌ക്ക് 101 രൂപ പിഴ അടച്ചു നട തുറന്ന് സത്യം ചെയ്യുകയും വിളിച്ചപേക്ഷിക്കുന്നതും തീർപ്പുകൽപ്പിക്കുന്നതും ഇവിടത്തെ നിത്യസംഭവങ്ങളാണ്. ഈ നടയിലെ പ്രധാന പൂജ ശത്രു സംഹാരപൂജയാണ്.
മാത്രമല്ല വിളിദോഷങ്ങൾ മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങൾ, പുതിയതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ, കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം,ശത്രുക്കൾ മുഖാന്തരം ഉണ്ടാകുന്ന ചതിപ്രയോഗങ്ങൾ എന്നിവയ്‌ക്ക് മുക്തി ലഭിക്കുന്നതിനാണ് പ്രത്യേക പൂജ നടത്തുന്നത്. രക്തചാമുണ്ഡിക്ക് കടുംപയാസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേർച്ചകളും സ്വർണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും ദേവിക്ക് നടയ്‌ക്ക് വയ്‌ക്കാവുന്നതാണ്. ഈ നടയിലെ നടതുറപ്പ് നേർച്ച ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണിവരെയും വൈകുന്നേരം 4.45 മുതൽ 6 മണിവരെയും നടത്താവുന്നതാണ്. ഈ നടയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ നടതുറപ്പ് നേർച്ച നടത്തുന്നതിന് ദിനംപ്രതി അനേകം പേരാണ് ഇവിടെ വന്നെത്തുന്നത്.
ബാലചാമുണ്ഡി നട
സൗമ്യസുന്ദര രൂപത്തിലുള്ള ഭഗവതിയാണ് ബാലചാമുണ്ഡി. ഒരു പെൺകുട്ടിയുടെ രൂപത്തിലുള്ള ദേവിയുടെ ചുവർ ചിത്രമാണ് ഇവിടെയുള്ളത്. ഈ നടയിൽ ദർശനം നടത്തുന്നത് കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് എന്നാണ് വിശ്വാസം. നടതുറപ്പ് വേളയിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ദർശനം നടത്താൻ സാധിക്കുകയുള്ളു. ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡി ദേവി കുടികൊള്ളുന്ന ആലയമാണ്. ഇവിടെ സൗമ്യരൂപത്തിലുള്ള ശ്രീബാലചാമുണ്ഡിദേവിയുടെ ചുവർചിത്രമാണ്. ദേവീനടയ്‌ക്കും രക്തചാമുണ്ഡിനടയ്‌ക്കും തൊട്ട് തെക്കു വശത്തായി ചണ്ടമുണ്ട നിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച് ശാന്തരൂപത്തിൽ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ഇവിടെ ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കല്പമായതിനാൽ കൂടുതലും കുട്ടികൾക്കുള്ള നേർച്ചയാണ് ഈ നടയിൽ നടത്തപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് സന്താനഭാഗ്യം സിദ്ധിക്കുന്നതിനും കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ബാലാരിഷ്ടതകൾ മാറുന്നതിനും 101 രൂപ പിഴ അടച്ച് നടതുറന്ന് വിളിച്ച് പ്രാർത്ഥിച്ചാൽ ദേവി അതിനുടനടി അനുഭവം നൽകുമെന്നാണ് വിശ്വാസം. ഇങ്ങനെ നടതുറന്ന് പ്രാർത്ഥിച്ച് കാര്യങ്ങൾ നടക്കുമ്പോൾ ഭക്തജനങ്ങൾ നേർച്ചയായി പ്രത്യേക പൂജ നടത്തുന്നു. കടുംപയാസം, പട്ട്, മുല്ല, പിച്ചി, എന്നിവയിലുള്ള ഹാരങ്ങൾ, ഉടയാടകൾ, സ്വർണ്ണം, വെള്ളി എന്നിവയിലുള്ള രൂപങ്ങൾ, സന്താനലബ്ധിക്കായി തൊട്ടിലും കുഞ്ഞും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, മറ്റു സാധനങ്ങൾ, കുഞ്ഞൂൺ, തുലാഭാരം എന്നീ നേർച്ചകൾ നടത്താവുന്നതാണ്. വിദ്യാഭ്യാസം, കല, സാംസ്‌കാരിക രംഗങ്ങളിൽ ഉയർച്ച ഉണ്ടാകുന്നതിനും മത്സരപരീക്ഷകളിൽ വിജയിക്കുന്നതിനും വേണ്ടി ഇവിടെ നടതുറന്ന് പ്രാർത്ഥിക്കുവാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് കരിക്കകം പൊങ്കാല നടക്കുന്നത്.. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ എഴാം ഉത്സവ ദിവസം നടക്കുന്ന അതിപ്രധാനവും അതിവിശിഷ്ടവും ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്നതുമായ ചടങ്ങാണ് ഇത്. പണ്ട് ദേവിയെ ഗുരുവും മന്ത്രമൂർത്തിയുമായി കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാട് മുറ്റത്ത് പച്ചപന്തൽ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത് സ്തീ ഭക്തജനങ്ങൾ ദേവിക്ക് പന്തൽ മുറ്റത്ത് മൺകലങ്ങളിൽ പായസം തയ്യാറാക്കി നിവേദിക്കുകയുണ്ടായി. പിന്നീട് ക്ഷേത്രങ്ങൾ പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ച വേളയിൽ വച്ചുനിവേദ്യം എന്ന പേരിൽ നിവേദ്യമായി ആചരിച്ചു പോന്നു. പിന്നീട് കാലക്രമേണ അഷ്ടമംഗല ദേവപ്രശ്‌നത്തിൽ ഈ വിഷയം തെളിയുകയും ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങിവന്നശേഷം പഴയകാലത്ത് സ്ത്രീ ജനങ്ങൾ ദേവിക്ക് പൊങ്കാല അർപ്പിച്ചതു പോലെ ഭക്തജനങ്ങൾ പൊങ്കാലയിട്ട് ദേവീകടാക്ഷത്തിനായി പ്രാർത്ഥിക്കുകയും ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
കരിക്കകം ക്ഷേത്രത്തിലെ ഉത്സവ നാളുകളിലെ ദേവിയുടെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് താലപ്പൊലി. പണ്ട് പുരാതനകാലത്ത് ദേവിയെ ഗുരുവും തറവാട് കാരണവരും ചേർന്ന് കരിക്കകം ദേശത്ത് കൊണ്ടുവന്നപ്പോൾ ബാലികാ രൂപത്തിൽ സാന്നിദ്ധ്യം ചെയ്താണ് ദേവിയെ അനുഗമിച്ചത് എന്നാണ് സങ്കല്പം. ആയതിനാൽ ഉത്സവ നാളുകളിൽ അതിനെ അനുസ്മരിപ്പിക്കുന്നതിന് ബാലികമാർ കരിക്കകത്തമ്മയ്‌ക്ക് താലപ്പൊലി നേർച്ചയായി സമർപ്പിക്കുന്നു. ഇതിനായി ഉത്സവനാളുകളിൽ ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ദേവിയോടൊപ്പം ശ്രീമഹാഗണപതി, ശാസ്താവ്, യക്ഷി അമ്മ, ഭുവനേശ്വരി, ആയിരവല്ലി, ഗുരുമന്ദിരം, നാഗർകാവ്, അന്നപൂർണ്ണേശ്വരി എന്നിവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചിരപുരാതനമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പൂജാദി കർമ്മങ്ങൾക്കും പ്രത്യേകതകൾ ഏറെയാണ.് തണ്ണീർകൊട, സർവ്വാലങ്കാര ഐശ്വര്യപൂജ, ഉദയാസ്തമനപൂജ, പുഷ്പാഭിഷേകം, ഈശ്വരസേവ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ.















