ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ളവ ഓടിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചെനാബ് നദിയ്ക്ക് മുകളിലൂടെ നിർമിച്ച പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് മെട്രോ ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഈഫൽ ടവറിനേക്കാൾ ഉയരമുള്ള പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം.
ഈ വർഷം ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ പദ്ധതി പൂർത്തിയാവും. ഉധംപുർ-ശ്രീനഗർ- ബാരാമുള റെയിൽ ലിങ്ക് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കാൻ വന്ദേ ഭാരത് മെട്രോ വഴി സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിരിക്കുന്നത്.
പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്ററെങ്കിലും അധികം ഉയരം വരുമിതിന്. 1.3 കിലോമീറ്റർ നീളമുള്ള പാലം കത്ര മുതൽ ബനിഹാൽ വരെ 111 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. 35,000 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെവഴിച്ചത്.
Comments