ലക്നൗ: സംസ്ഥാനത്തെ ഗോരഖ്പൂർ, കുശിനഗർ ജില്ലകളിൽ 6000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും. ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. ചൊവ്വാഴ്ച ഗൊരഖ്പൂരിലെ ഖോരാബറിൽ നടക്കുന്ന പരിപാടിയിൽ 3,838 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അടുത്ത ദിവസം കുശിനഗറിൽ 1968 രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച ഭാരത് സേവാശ്രമത്തിലും മുഖ്യമന്ത്രി ദർശനം നടത്തും. മാർച്ച് 30-ന് രാമനവമി ദിനത്തിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ അദ്ദേഹം പൂജ നടത്തും.
അതേസമയം സംസ്ഥാനത്ത് കന്നുകാലി സംരക്ഷണത്തിനായി 520 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിൽ ബിജെപി സർക്കാർ 6 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചത്. കന്നുകാലികൾക്ക് വൈദ്യസഹായം ലഭിക്കാൻ 1962 എന്ന നമ്പറിൽ വിളിച്ചാൽ മൊബൈൽ മെഡിക്കൽ വാഹനങ്ങൾ വീട്ടിലെത്തും. ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ 202 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സംഘം മൃഗങ്ങളുടെ രോഗനിർണയം, ചികിത്സ, ചെറിയ ശസ്ത്രക്രിയ എന്നിവ നടത്തും. ഇതിനായി സജ്ജീകരിച്ച വാഹനത്തിലായിരിക്കും സംഘം സഞ്ചരിക്കുക. ഈ പദ്ധതി ഉത്തർപ്രദേശിൽ പുതിയ മാറ്റം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Comments