മലപ്പുറം : മേലുദ്യോഗസ്ഥരിൽനിന്നുള്ള പീഡനവും നീതിനിഷേധവും മൂലം സർക്കാർ ജോലി രാജിവെച്ച് ദമ്പതിമാർ. തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ എ.ജെ. ജെയ്‌സണും ഭാര്യ തവനൂർ സർക്കാർ വയോജന മന്ദിരത്തിലെ മേട്രൻ പി.എസ്. അനിതാ മേരിയുമാണ് ജോലി രാജിവെച്ചത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ ഇവർ രണ്ടുപേർക്കുംകൂടി ഒരു ലക്ഷം രൂപയിലേറെ രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ചത്.
ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം വകുപ്പിൽ ഇല്ലെന്നും, അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷൻ പിൻവലിക്കുന്ന മുറയ്‌ക്ക് രാജി സ്വീകരിക്കണമെന്നുമാണ് ജെയ്‌സണിന്റെ കത്തിലെ ഉള്ളടക്കം. ആത്മാഭിമാനത്തോടെ ജോലിയിൽ തുടരാൻ കഴിയുന്നില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതുമൂലം ഭർത്താവ് വേട്ടയാടപ്പെടുന്നൂവെന്നും അനിതാ മേരിയുടെ രാജിക്കത്തിൽ പറയുന്നു.
ജെയ്‌സൺ 2005-ലും അനിത 2020 -ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത 2020-ൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മറ്റു ജീവനക്കാരെ ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതായി ഇവർ ആരോപിക്കുന്നു. പണം മോഷ്ടിച്ചുവെന്ന് പരാതിയുണ്ടാക്കി ഏഴുമാസത്തോളം സസ്‌പെൻഡ് ചെയ്തു. മാധ്യമങ്ങൾ ഇടപെട്ടതോടെ മേലുദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും തന്റെ പരാതി പോലീസ് തള്ളിയതായും അനിത പറഞ്ഞു.
ഭാര്യയുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടതിനാൽ സംഘടനകളെ ഉപയോഗിച്ച് വകുപ്പിൽ തന്നെയും പീഡിപ്പിച്ചതായി ജെയ്‌സൺ ആരോപിക്കുന്നു. വ്യാജ ചികിത്സ നടത്തിയെന്നാരോപിച്ച് ജനുവരിയിൽ സസ്‌പെൻഡ് ചെയ്തു. അതിനുപിന്നാലെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് വനിതാ വെറ്ററിനറി സർജൻ തിരൂർ പോലീസിൽ പരാതിയും നൽകി. ഫെബ്രുവരി 13-ന് അറസ്റ്റുചെയ്ത് ഏഴുദിവസം ജയിലിലടച്ചു. സസ്പെൻഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങി പലരേയും സമീപിച്ചു. ആരും സഹായിച്ചില്ല . കുറ്റിപ്പുറത്തെ വീടും സ്ഥലവും വിറ്റ് ആറുവയസ്സുള്ള മകനെയുംകൂട്ടി ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ജെയ്‌സൺ പറഞ്ഞു.
Comments