ആലപ്പുഴ: പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി ശരത്താണ് പിടിയിലായത്. ശരത്തിനെതിരെ അയൽവാസി നൽകിയ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് യുവാവ് പട്ടിയെ അഴിച്ച് വിട്ടത്.
ചെങ്ങന്നൂർ എസ്ഐ എംസി അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, അനീഷ് എന്നിവരാണ് ശരത്തിന്റെ അയൽവാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയത്. വീടിന് മുന്നിലെത്തിയ പോലീസ് സംഘത്തിന് നേരെ ശരത് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് കൂട്ടിൽ കിടന്ന നായയെ തുറന്നുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചത്.
നായ പാഞ്ഞടുത്തപ്പോൾ അന്വേഷണസംഘം ആദ്യം പരിഭ്രാന്തരായി. പിന്നീട് നായയെ കൂട്ടിൽ കയറ്റുകയും ശരത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി പോലീസ് സംഘത്തെ ഉപദ്രവമേൽപ്പിക്കുന്നതിനാണ് ഇയാൾ ശ്രമിച്ചതെന്ന് എസ്ഐ അഭിലാഷ് പറഞ്ഞു.
Comments