ലക്നൗ : ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവരെയും, സ്ത്രീകളെ അപായപ്പെടുത്തുന്നവരെയും വെറുതെ വിടരുതെന്ന് പോലീസിന് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ആർക്കും അനീതി സംഭവിക്കാതിരിക്കാനും എല്ലാവരുടെയും ജീവിതത്തിലും നീതി കൊണ്ടുവരാനുമാണ് സർക്കാർ തീരുമാനമെന്നും ഗോരഖ്നാഥ് ക്ഷേത്രത്തിൽ സംഘടിപ്പിച്ച ജനതാ ദർശനത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു .
ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഓഡിറ്റോറിയത്തിലെത്തിയ ഓരോ പരാതിക്കാരന്റെ അടുത്ത് നേരിട്ട് എത്തി മുഖ്യമന്ത്രി യോഗി എല്ലാവരുടെയും പ്രശ്നങ്ങൾ ഓരോന്നായി കേട്ടു. ഇതിനിടയിൽ എഴുന്നൂറോളം പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തന്റെ ഭരണകാലത്ത് ആരോടും അനീതി ഉണ്ടാകില്ലെന്ന് എല്ലാവർക്കും ഉറപ്പുനൽകി. എല്ലാ ജനങ്ങളുടെയും പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതിനൊപ്പം വേഗത്തിലും തൃപ്തികരമായും തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും , ഓരോ പ്രശ്നവും പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു
പരാതികളുമായി യോഗിയുടെ മുന്നിൽ എത്തിയവരിൽ സ്ത്രീകളുടെ എണ്ണം കൂടുതലായിരുന്നു. ജനതാ ദർശനിൽ ഒരു സ്ത്രീ തന്റെ വീട് തകർന്നതിന്റെ പരാതിയുമായാണ് എത്തിയത് . ആശങ്കപ്പെടേണ്ടതില്ലെന്നും ഈ സർക്കാർ ഭരിക്കുമ്പോൾ ദുർബ്ബലരെയോ ദരിദ്രരെയോ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഭരണാധികാരികളോടും പോലീസിനോടും മുഖ്യമന്ത്രി നിർദേശിച്ചു. മാഫിയകളും, ക്രിമിനലുകളും ആരുടെയും ഭൂമി കൈവശപ്പെടുത്താൻ കഴിയില്ലെന്നും ഉറപ്പാക്കണം.
ചികിൽസയ്ക്ക് ധനസഹായം അഭ്യർഥിച്ച് നിരവധി പേർ ജനതാദർശനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിരുന്നു. ചികിൽസയ്ക്ക് സർക്കാർ പൂർണ സഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ഉറപ്പ് നൽകി. ഇവരുടെ അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ മുഖ്യമന്ത്രി, ചികിത്സയുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കി സർക്കാരിൽ ലഭ്യമാക്കണമെന്നും നിർദേശിച്ചു.
Comments