നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ബാല ആരാധകർക്ക് മുമ്പിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പ്രതികരിച്ചു. ഭാര്യ എലിസബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. അടുത്ത ദിവസം നടക്കാനിരിക്കുന്ന ശസ്ത്രക്രിയ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.
ഭാര്യ എലിസബത്തും ഉറ്റബന്ധുക്കളായ രണ്ട് പേരും ബാലയ്ക്കൊപ്പം വീഡിയോയിൽ നിൽക്കുന്നുണ്ട്. അദ്ദേഹം ആരാധകരോട് പറഞ്ഞ വാക്കുകളിതാ..
”എല്ലാവർക്കും നമസ്കാരം, ഫാൻ പേജിൽ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ (എലിസബത്ത്) നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. രണ്ട് – മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ട്. മരണ സാധ്യതകളുള്ള ശസ്ത്രക്രിയയാണ്. അതോടൊപ്പം തന്നെ അതിജീവന സാധ്യതയും കൂടുതലാണെന്നതിനാൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല. ” ബാല പറഞ്ഞു.
ഇതിന് ശേഷം ഭാര്യ എലിസബത്താണ് വീഡിയോയിൽ സംസാരിച്ചത്. “ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷിക ദിനമാണ്. കഴിഞ്ഞ തവണ ഞങ്ങൾ രണ്ട് പേരും ചേർന്ന് ഡാൻസ് ചെയ്ത വീഡിയോ വിവാഹ വാർഷികത്തിന് പോസ്റ്റ് ചെയ്തിരുന്നു. ഇത്തവണ ഡാൻസില്ല. മൂന്നാമത്തെ വിവാഹ വാർഷിക ദിനത്തിൽ ഞങ്ങൾ തീർച്ചയായും ഡാൻസുമായി വരുന്നതാണ്. ” ഇതായിരുന്നു എലിസബത്തിന്റെ വാക്കുകൾ.
ഈ വിശേഷദിനം ആഘോഷിക്കുന്നത് എലിസബത്ത് ഡോക്ടറുടെ ആഗ്രഹപ്രകാരമാണെന്ന് ഊന്നിപ്പറഞ്ഞ ബാല, ജനനവും മരണവും തീരുമാനിക്കുന്നത് ദൈവമാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഭാര്യ ഒരുക്കിയ കേക്ക് മുറിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇനി ആക്ടറെ നോക്കണ്ടെ ഡോക്ടറെ നോക്കിയാൽ മതിയെന്ന് താമശ പറഞ്ഞാണ് എലിസബത്തിന് ബാല കേക്ക് നൽകുന്നത്. നീണ്ട ഒന്നരമാസത്തിന് ശേഷമാണ് ബാല കാമറയ്ക്ക് മുമ്പിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
Comments