ന്യൂഡൽഹി: ദേശീയ മാരിടൈം ആഘോഷങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കമായി. മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ച് വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന മാരിടൈം ആഘോഷങ്ങൾക്കാണ് രാജ്യത്ത് തുടക്കം കുറിച്ചത്. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ‘ആദ്യ മെർച്ചന്റ് നേവി ഫ്ളാഗ്’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചു.
മുംബൈയിലെ സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആദ്യ കപ്പലായ ‘SS ലോയൽറ്റി’ 1919ൽ ബ്രിട്ടനിലേക്ക് ആദ്യ യാത്ര ആരംഭിച്ചതിന്റെ സ്മരണാർത്ഥമാണ് ഏപ്രിൽ അഞ്ചിന് ദേശീയ മാരിടൈം ദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് നാവികരുടെ സ്തുത്യർഹ സേവനങ്ങൾക്ക് കൃതജ്ഞത അർപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. സമുദ്ര മേഖലയിൽ മികവ് പ്രകടിപ്പിച്ച വ്യക്തികൾക്കുള്ള പുരസ്കാരങ്ങളും മാരിടൈം ദിനത്തിൽ സമ്മാനിക്കും.
ആഗോള വിതരണ ശൃംഖലയെ കൂടുതൽ സജീവമാക്കുന്നതിൽ ഇന്ത്യയിൽ നിന്നുള്ള നാവികർ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മാരിടൈം ആഘോഷ ചടങ്ങിൽ സർബാനന്ദ സോനോവാൾ പ്രതികരിച്ചു. കൂടാതെ, പ്രധാനമന്ത്രി നൽകുന്ന പിന്തുണയിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments