ന്യൂഡൽഹി: ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെത്തും. ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ കുശാഭൗ താക്കറെ ഹാളിൽ ആരംഭിച്ച സമ്മേളനം നാളെയാണ് അവസാനിക്കുന്നത്. സുസജ്ജം, ഉജ്ജീവനം, സന്ദർഭോചിതം എന്ന വിഷയങ്ങളിലാണ് ത്രിദിന സമ്മേളനം നടന്നുകൊണ്ടിരിക്കുന്നത്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവികളെ ഇന്ന് അഭിസംബോധന ചെയ്യും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആണ് ചർച്ചകൾ നടക്കുന്നത്. സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും സമ്മേളനത്തിൽ അവലോകനം ചെയ്യുന്നു.
ഏപ്രിൽ ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ സായുധ സേനയുടെ ഉന്നത സൈനിക മേധാവികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും അവരുമായി സുരക്ഷാ വെല്ലുവിളികളെ കുറിച്ചും പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും. ഉന്നത സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ആറുമണിക്കൂറോളം ചെലവഴിക്കുന്ന പ്രധാനമന്ത്രി, പ്രതിരോധ മേഖലയിലെ തദ്ദേശീയ കണ്ടുപിടുത്തങ്ങളുടെ പ്രദർശനവും സന്ദർശിക്കും.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. സമ്മേളനത്തിൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ മെയ്‌ക്ക് ഇൻ ഇന്ത്യയുടെ നവീകരണവും നടപ്പാക്കലും സൈന്യം പ്രദർശിപ്പിക്കും.
ആദ്യ ദിവസം സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്തിരുന്നു. കര, നാവിക, വ്യോമസേന ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Comments