ലക്നൗ: സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതിയുടെ കീഴിൽ സ്കൂൾ പെൺകുട്ടികൾക്ക് പരിശീലനം നൽകാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സ്വാതന്ത്ര്യ സമര സേനാനി റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള പദ്ധതിയ്ക്ക് കീഴിലാണ് പരിശീലനം നൽകുക. പെൺകുട്ടികളെ സ്വയം പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്നതാണ് യോഗി സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
സംസ്ഥാനത്തെ 45,000 സ്കൂളുകളിലായി 11-നും 14-നും ഇടയിൽ പ്രായമുള്ള രണ്ട് ലക്ഷം പെൺകുട്ടികൾക്കെങ്കിലും പരിശീലനം നൽകാനാണ് തീരുമാനം. ആറ് ദിവസത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുകയും സൈബർ ഭീഷണി, ആസിഡ് ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്യും.
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂറെങ്കിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കും. കൂടാതെ, പരിപാടിയിൽ യോഗയും ഉൾപ്പെടുത്തും. പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ മനസിലാക്കുന്നതിനും സ്വയം പ്രതിരോധ വിദ്യകൾ പഠിക്കാനും പെൺകുട്ടികളെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
Comments