ശ്രീകാര്യം: കരുമ്പുക്കോണം ദേവീ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശി കൃഷ്ണവർദ്ധൻ (12), ചെമ്പഴന്തി സ്വദേശി സോണി(28), പൗഡിക്കോണം സ്വദേശി സന്ധ്യ(34), ശ്രീകാര്യം സ്വദേശി കെസിയ(19) എന്നിവർക്കാണ് പരിക്കേറ്റത്. സി.പി.എം അണിയൂർ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ ആന തുമ്പിക്കൈയ്യിൽ ചുഴറ്റി ദൂരെക്കെറിഞ്ഞു. പരിക്കേറ്റ അഞ്ചുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. കരിയം പുളിയറക്കാേണം ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ചെക്കാലമുക്ക് ജംഗഷനിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ഘാേഷയാത്ര നീങ്ങുന്നതിനിടയിൽ ആനയുടെ വാലിൽ ആരാേ പിടിച്ച് വലിച്ചതിനെ തുടർന്നാണ് കാഞ്ഞിരക്കാട്ട് ശേഖരൻ എന്ന ആന വിരണ്ടത്. ഇതോടെ ആനപ്പുറത്തിരുന്ന നാലുപേരിൽ രണ്ടുപേർ തെറിച്ച് റോഡിൽ വീണു. വിരോണ്ടോടിയ ആന ഒരു മതിലും തകർത്തതിന് പിന്നാലെ, കുറച്ചുദൂരം വിരണ്ടോടിയ ആനയെ ഉടൻ തന്നെ പാപ്പാൻ ചങ്ങലയിട്ട് തളച്ചു. പിന്നീട് മേള വാദ്യങ്ങൾ ഒഴിവാക്കി ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പൊലീസ് സംഘാടകർക്ക് അനുമതി നൽകി.
അതേസമയം നാല്പതോളം ഫ്ലോട്ടുകളും ആനകളും മറ്റ് കലാരൂപങ്ങളും മേളങ്ങളും താലപ്പാെലികളും അടക്കമുള്ള ഘോഷയാത്ര കാണാൻ നിരവധിപ്പേരാണ് എത്തിയത്. പ്രധാന റോഡിൽ സംഘടിപ്പിച്ച ഘോഷയാത്രയെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്ത് ആംബുലൻസുകൾക്കെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
Comments