ഏപ്രിൽ 3, ഹിന്ദുഹൃദയ സാമ്രാട്ട് ഛത്രപതി ശിവജി മഹാരാജ് സ്മൃതിദിനം. ഹിന്ദു സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജ് ഓർമ്മയായിട്ട് ഇന്ന് 343 വർഷങ്ങൾ. ഭാരതം കണ്ട എക്കാലത്തെയും കരുത്തരായ മറാത്ത ഭരണാധികാരിയായിരുന്ന അദ്ദേഹം, മുഗളന്മാരുടെ ഹുങ്കിനെ തകർത്തെറിഞ്ഞു.

ഇന്നത്തെ കാലത്തുപോലും ഏറെ അമ്പരപ്പോടെ മാത്രം നോക്കിക്കാണാനാവുന്ന സംഭവബഹുലവും ആവേശകരവുമായ ജീവിതമായിരുന്നു ഛത്രപതി ശിവാജിയുടേത്. ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം, എന്തായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഛത്രപതി ശിവജി.
ഭരണകാര്യങ്ങളിൽ ഉത്തമമാതൃക ഏതാണെന്ന് ചരിത്രത്തിന്റെ ഏടുകളിൽ നിന്നു കാട്ടിത്തരണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ നിസ്സംശയം നമുക്ക് ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവർത്തനവും എല്ലാവർക്കും ഇന്നും എന്നും പ്രചോദനമാണ്.
മഹാരാഷ്‌ട്രയിലെ പുെന ജില്ലയിലെ ജുന്നാറിനടുത്ത് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ സൈനിക കോട്ടയാണ് ശിവനേരി കോട്ട. ഇവിടമാണ് ഛത്രപതി ശിവജിയുടെ ജന്മസ്ഥലം. മറാത്ത ജനറൽ ആയിരുന്ന ഷഹാജി ഭോസ്ലേയുടേയും ജീജാബായിയുടെയും ഇളയമകനായി 1627 ഫെബ്രുവരി 19-ന് ശിവജി പിറന്നു.
ഉണ്ണുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴുമെല്ലാം ധർമ്മാത്മാക്കളും വീരന്മാരുമായ ഇതിഹാസപുരുഷന്മാരുടെയും ചരിത്ര നായകാരന്മാരുടെയും കഥകൾ ജീജാബായി കുഞ്ഞുശിവജിയ്‌ക്ക് പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു.
ആയോധനകലയിലും, കുതിരസവാരിയിലുമൊക്കെ മികച്ച കഴിവ് തെളിയിച്ച ശിവജി പ്രായോഗിക വിദ്യാഭ്യാസത്തിന്റെ കൂടെത്തന്നെ ഹൈന്ദവഗ്രന്ഥങ്ങളിലും അസാധ്യമായ അറിവ് നേടിയിരുന്നു.
ധീരനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവജി മഹാരാജ്. ശത്രുക്കളോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീരദേശാഭിമാനിയും കൂടിയായിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു. മഹാരാഷ്‌ട്രത്തിന് വേണ്ടിയോ അവരുടെ കുടുംബത്തിനോ വേണ്ടിയോ അല്ല അദ്ദേഹം പടപൊരുതിയത്. ഹിന്ദുരാഷ്‌ട്രത്തിന്റെ മോചനമായിരുന്നു ശിവജി മഹാരാജിന്റെ ഒരേയൊരു ലക്ഷ്യം.
പൂനെ ജാഗീറിന്റെയും അടുത്തുള്ള കൊണ്ടാന കോട്ടയുടെയും ഭരണാധികാരിയായിരുന്നു ദാദോജി കൊണ്ടദേവ്. അദ്ദേഹമാണ് ഛത്രപതി ശിവജിയുടെ ഗുരുനാഥൻ. ദാദാജി കൊണ്ടദേവിന്റെ കീഴിൽ നിന്നും മികച്ച വിദ്യാഭ്യാസം നേടിയ ശിവജി സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും ഉദാഹരണമായി മാറി.

സാധാരണക്കാരായ ജനങ്ങളിലൂടെ, കർഷകരിലൂടെ, തൊഴിലാളികളിലൂടെ വീണ്ടെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറ കെട്ടിയാണ് അദ്ദേഹം പണികഴിപ്പിച്ചത്.
തന്റെ പതിനാറാം വയസ്സിൽ, 1646-ൽ ശിവജി ബീജാപ്പൂർ സുൽത്താന്റെ നിയന്ത്രണത്തിലിരുന്ന തോർണാകോട്ട കീഴടക്കി. തുടർന്ന് മുദ്രോദേവ്, സൂപ, ചക്കാൻ, കൊണ്ടാന എന്നിവയും പിടിച്ചടക്കി. കുറച്ചുകാലത്തിനുള്ളിൽ സിംഹഗഡ്, ജവാലി, കൊങ്കൺ, ഔറംഗബാദ്, സൂററ്റ് എന്നിവിടങ്ങളിലെ കോട്ടകളും തന്റെ അധീനതയിലാക്കി. രാജ്ഗർ എന്ന ഒരു പുതിയ കോട്ട അദ്ദേഹം പണിയുകയും ചെയ്തു. എന്നാൽ ശിവജി ശക്തിപ്പെടുന്നത് ബീജാപ്പൂർ സുൽത്താന് ഇഷ്ടമായില്ല. അദ്ദേഹം ശിവജിയെ തോൽപ്പിക്കാൻ പല വിദ്യകളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
1664-ൽ ശിവജിയുടെ സൂററ്റ് അക്രമണത്തോടെ മുഗൾ ചക്രവർത്തിയായ ഔറംഗസേബുമായി യുദ്ധമായി. ഔറംഗസേബ് കൂടിക്കാഴ്ചയ്‌ക്ക് ശിവജിയെ ക്ഷണിക്കുകയും ചതിച്ച് തടവിലാക്കുകയും ചെയ്തു. അവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെട്ട് മഹാരാഷ്‌ട്രയിലെത്തിയ അദ്ദേഹം വീണ്ടുമൊരു ഭരണം ചിട്ടപ്പെടുത്തി. സൈന്യത്തെ മുഗളർക്കെതിരെ സർവ്വസജ്ജമാക്കി.
ശേഷം മുഗളന്മാരുമായുള്ള യുദ്ധത്തിൽ തന്ത്രപരമായ നീക്കത്തിലൂടെ ശിവജി ആധിപത്യം ഉറപ്പിച്ചു. ചില കോട്ടകൾ മുഗളന്മാർക്ക് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അധികം താമസിയാതെ അവയെല്ലാം തന്നെ തിരിച്ചുപിടിക്കുകയും ചെയ്തു.
മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തി ഛത്രപതി ശിവജി 1674 ജൂൺ 6-ന് മഹാരാഷ്‌ട്ര രാജ്യം സ്ഥാപിക്കുകയും ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെടുകയും ചെയ്തു. ഒന്നുമില്ലായ്മയിൽ നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഛത്രപതി ശിവജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്ര ഇന്നും ഒരോ രാഷ്‌ട്രസ്‌നേഹിക്കും പകരുന്ന ഊർജം ചെറുതല്ല. ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു ഓർമ്മപ്പെടുത്തലാണ്.
ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുമ്പോഴും മതേതരത്വം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. മറ്റു മതക്കാരെ സംരക്ഷിക്കുന്നതിലും മുൻപിലായിരുന്നു ശിവജി. അദ്ദേഹത്തിന്റെ സേനകളിൽ മുസ്ലീങ്ങളായ നിരവധി സൈന്യാധിപന്മാർ ഉണ്ടായിരുന്നു. മറ്റുള്ള ഭരണാധികാരികളോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തിട്ടുള്ളൂ. ഒരിക്കലും ഇതര മതസ്ഥരോട് അദ്ദേഹം ശത്രുത കാണിച്ചിട്ടില്ല. 2000 സൈനീകരെയാണ് അദ്ദേഹത്തിന് പിതൃസ്വത്തായി ലഭിച്ചത്.
പക്ഷെ തന്റെ സേനയുടെ ബലം അദ്ദേഹം 10000 ആക്കി ഉയർത്തി. സൈനീകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി സേനയുടെ ബലം വർദ്ധിപ്പിച്ചു. ശിവജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനി വേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം.
ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവജിയെന്ന് സ്വാമി വിവേകാനന്ദൻ പരാമർശിച്ചത് വെറുതെയല്ല. അദ്ദേഹത്തിന്റെ ഭരണത്തിൽ അഴിമതിയും രാജ്യദ്രോഹവും വച്ചു പൊറുപ്പിച്ചിരുന്നില്ല.
ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ ‘അഷ്ടപ്രധാൻ’ എന്നൊരു മന്ത്രിസഭയാണ് അദ്ദേഹം രൂപീകരിച്ചിരുന്നത്. ഛത്രപതി ശിവജിയുടെ ഭരണം മതപരമായ സഹിഷ്ണുതയ്‌ക്ക് പ്രസിദ്ധമാണ്. ശിവജിയുടെ ഉയർച്ച മുഗൾ ഭരണത്തിന്റെ അസ്തമയത്തിനിടയാക്കി. 1680 ഏപ്രിൽ 3-ന് ഛത്രപതി ശിവജി വീരമൃത്യു വരിച്ചു. ഛത്രപതി ശിവജി മഹാരാജിന്റെ സ്മൃതിദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഓർമ്മിക്കാം. സ്മരണാഞ്ജലികൾ…















