ന്യൂഡൽഹി: നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ ഭാഗമായി വിരുന്നിൽ ഭക്ഷണത്തിനാപ്പം അഞ്ഞൂറ് രൂപാ നോട്ടുകളും. ടിഷ്യൂ പേപ്പറിന് പകരമാണ് അഞ്ഞൂറ് രൂപ എന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ നോട്ടുകളുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്.
സമ്പന്ന മധുരപലഹാരം എന്നറിയപ്പെടുന്ന ദൗലത്ത് കി ചാട്ട് ആണ് അതിഥികൾക്കായി വിളമ്പിയത്. ഡൽഹിയിലെ പ്രമുഖ റസ്റ്ററന്റായ ഇന്ത്യൻ ആക്സെന്റിയ ഒരുക്കുന്ന വിഭവമാണിത്. നോട്ടുകളോട് രൂപ സാദൃശ്യം തോന്നുന്ന പേപ്പറുകളാണ് ഇതിന് ഭംഗിയ്‌ക്ക് ഉപയോഗിക്കുന്നത്. ഈ വിഭവത്തിന്റെ സമ്പന്നത സൂചിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
പ്രൗഢി ഒട്ടും തന്നെ കുറയാതെ താര സമ്പന്നമായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങുകൾ. ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, പ്രിയങ്ക ചോപ്ര ജോനാസ്, ജിജി ഹഡിദ്, സെൻഡയ, ടോം ഹോളണ്ട് തുടങ്ങി ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള നിരവധി താരങ്ങൾ പങ്കെടുത്തു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ്. ബാന്ദ്രകുർള കോംപ്ലക്സിലാണ് കൾച്ചർ സെന്റർ സ്ഥിതി ചെയ്യുന്നത്.















