പത്തനംതിട്ട: മുത്തശ്ശിയാനയില്ലാതെ കുട്ടിക്കൊമ്പൻ തനിയെ കാട്ടിലേക്ക് മടങ്ങി. കൂട്ടിനൊപ്പമുണ്ടായിരുന്ന മുത്തശ്ശിയാന കല്ലാറ്റിൽ ചരിഞ്ഞതോടെയാണ് കുട്ടിയാന ഒറ്റയ്ക്കായത്. തേക്കുതോട് ഏഴാംതല പുളിഞ്ചാൽ ജനവാസ മേഖലയ്ക്ക് സമീപത്ത് കൂടെ കല്ലാറ്റിലേക്കിറങ്ങിയ കാട്ടാനയ്ക്കൊപ്പമായിരുന്നു കുട്ടിക്കൊമ്പൻ കാടിറങ്ങി നാട്ടിലേക്ക് വന്നത്. പിടിയാനയ്ക്ക് ഏകദേശം 50 വയസും കുട്ടിക്കൊമ്പന് ഏകദേശം 7 വയസുമാണ് പ്രായമെന്ന് വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവ സമീപത്തെ റബർ തോട്ടത്തിലും വനാതിർത്തിയിലും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാവിലെ റബർ തോട്ടത്തിലൂടെയാണ് കാട്ടാനകൾ കല്ലാറ്റിലേക്ക് ഇറങ്ങിയത്. അവശനിലയിലായിരുന്ന പിടിയാനയ്ക്ക് ഒപ്പം നിന്നിരുന്നത് കുട്ടിക്കൊമ്പനായിരുന്നു. കല്ലാറ്റിൽ ഇറങ്ങിയ പിടിയാന അധികം വൈകാതെ ചരിയുകയായിരുന്നു. തനിച്ചായ കുട്ടിക്കൊമ്പൻ മണിക്കൂറുകളോളമാണ് വെള്ളത്തിലും കരയിലുമായി ചുറ്റിത്തിരിഞ്ഞത്.
പിടിയാനയുടെ അരികിലേക്കെത്തിയ ആളുകളെ കുട്ടിക്കൊമ്പൻ അടുപ്പിച്ചില്ല. പിന്നീട് വനപാലകർ എത്തിയതിന് ശേഷം കുട്ടിക്കൊമ്പനെ വനത്തിലേക്ക് വിരട്ടി ഓടിക്കുകയായിരുന്നു. മഴ പെയ്താൽ കല്ലാറ്റിലെ ഒഴുക്കിൽ പിടിയാനയുടെ ജഡം ഒഴുകി നീങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വടത്തിൽ കെട്ടി നിർത്തിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
Comments