ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാധ്യമ സ്ഥാപനത്തിന് ഇമെയിൽ അയച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ . ലക്നൗവിൽ നിന്നാണ് നോയിഡ പോലീസ് വിദ്യാർത്ഥിയെ പിടികൂടിയത് .
ബീഹാർ സ്വദേശിയായ 16 വയസ്സുകാരനെ ചിൻഹട്ട് ഏരിയയിൽ നിന്ന് പിടികൂടിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (നോയിഡ) രജനീഷ് വർമ പറഞ്ഞു.ഭീഷണി സന്ദേശം അടങ്ങിയ ഇമെയിൽ അയച്ചയാളെ കണ്ടെത്താൻ സാങ്കേതിക വിദ്യകളും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു .
“അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഇമെയിൽ അയച്ചയാളെ ലക്നൗവിലെ ചിൻഹട്ട് ഏരിയയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. അയച്ചയാൾ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്, 11-ാം ക്ലാസ് പൂർത്തിയാക്കി, ഈ സെഷനിൽ 12-ാം ക്ലാസിലേക്ക് കടക്കും “ പോലീസ് പറഞ്ഞു.
കുട്ടിയെ ഇവിടെയുള്ള ജുവനൈൽ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ നടത്തിവരികയാണെന്നും രജനീഷ് വർമ കൂട്ടിച്ചേർത്തു . ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (1 ബി) 505 (1 ബി) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് .
Comments