കൊല്ലം : പുനലൂരിലെ വളയം ഭാഗത്ത് ഒന്നര വയസ് മാത്രം പ്രായം വരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ. രണ്ട് ദിവസത്തിലേറെയായി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം ഈ ഭാഗത്ത് കൂടി സഞ്ചരിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈറസ് ബാധിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയാനയെ സംസ്കരിച്ചു. കുട്ടിക്കൊമ്പൻ ചരിഞ്ഞതോടെ അമ്മയാന ഇതിന്റെ സമീപത്ത് തന്നെ വനത്തിലേക്ക് മടങ്ങാതെ നിലയുറപ്പിച്ചിരുന്നു. ഇതോടെയാണം് വനംവകുപ്പ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
പട്രോളിംഗിന് ഇറങ്ങിയ പോലീസ് സംഘത്തിന്റെ വഴി മുടക്കിയിരുന്നു ഈ കാട്ടാനക്കൂട്ടം. സ്റ്റേഷൻ എസ്എച്ച്ഒ പകർത്തിയ ദൃശ്യങ്ങളിൽ കുട്ടിയാന ചരിയുന്നതിന്റെ ദൃശ്യങ്ങൾ അവിചരിതമായി ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. അച്ചൻകോവിൽ എസ്എച്ച്ഒ ആർ.ശ്രീകൃഷ്ണകുമാറും സംഘവും പട്രോളിംഗിന് പോയി മടങ്ങവെയാണ് വളയം ഭാഗത്ത് വെച്ച് കാട്ടാനക്കൂട്ടം റോഡിൽ നിൽക്കുന്നത് കണ്ടത്.
ഏകദേശം അരമണിക്കൂറ് കഴിഞ്ഞിട്ടും ആനകൾ മടങ്ങാത്തതിനെ തുടർന്ന് എസ്എച്ച്ഒ ആനകൾ റോഡിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തവേ കൂട്ടത്തിൽ നിൽക്കുന്ന കുട്ടിക്കൊമ്പൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ആനകൾ ഒരു വശത്തേക്ക് മാറുകയായിരുന്നു. ആനകൾ നീങ്ങിയ തക്കത്തിന് പോലീസ് സംഘം സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. എന്നാൽ നേരം പുലർന്നതോടെയാണ് കുട്ടിയാന ചരിഞ്ഞ വിവരം പോലീസ് അറിയുന്നത്. കുട്ടിയാന വീഴുന്നത് കണ്ടിരുന്നെങ്കിലും മറ്റ് ആനകൾക്കൊപ്പം കളിക്കുന്നതാണ് എന്നായിരുന്നു പോലീസുകാർ ധരിച്ചിരുന്നത്.
Comments