കണ്ണൂർ: ഈസ്റ്റർ ദിനത്തിൽ ബിജെപി സംഘടിപ്പിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി തലശ്ശേരി അതിരൂപത ആസ്ഥാനത്തെത്തി ബിജെപി നേതാക്കൾ. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരാണ് അതിരൂപത ആസ്ഥാനത്ത് സന്ദർശനം നടത്തിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്ക് നേതാക്കൾ ഈസ്റ്റർ ആശംസാകാർഡ് കൈമാറി.
കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയമില്ലെന്നും എന്നാൽ പിതാവ് പറഞ്ഞ പ്രശ്‌നങ്ങൾ ഗൗരവത്തിൽ തന്നെയാണ് എടുത്തിട്ടുള്ളതെന്നും സന്ദർശത്തിന് ശേഷം പികെ കൃഷ്ണദാസ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരിക എന്നുള്ളതാണ് ലക്ഷ്യം. കേരളത്തിൽ വലിയൊരു മാറ്റമാണ് നടക്കാനിരിക്കുന്നത്. ഇത്തരം സന്ദർശനം അഖിലേന്ത്യ തലത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വെള്ളയമ്പലത്തെ ലത്തീൻ അതിരൂപത ആസ്ഥാനം കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശിച്ചു. ഈസ്റ്റർ ദിനം പ്രമാണിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്ക് കേന്ദ്രമന്ത്രി ഈസ്റ്റർ ആശംസാകാർഡ് കൈമാറി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ എത്തി.
സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. ആശംസകൾ നേരാനാണ് എത്തിയതെന്നും സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments