തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകുപ്പുമാറ്റൽ റിവ്യു ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേയ്‌ക്ക് മാറ്റി. ഹർജി ലോകായുക്ത നിയമപരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിന് വിട്ടു കൊണ്ടുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജിക്കാരൻ ആർ.എസ്. ശശികുമാർ റിവ്യു ഹർജി നൽകിയത്.
ഹർജിക്കാരനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ലോകായുക്തയും ഉപലോകായുക്തയുയെയും ഭാഗത്ത് നിന്ന് ഹർജി സ്വീകരിക്കുമ്പോൾ ഉണ്ടായത്. ഹർജിക്കാരന്റെ അഭിഭാഷകന് ഹാജരാകാൻ കഴിയാതിരുന്നതിനാൽ മറ്റൊരു അഭിഭാഷകനായിരുന്നു ഹാജരായത്. കഴിഞ്ഞ ദിവസമായിരുന്നു കേസ് പരിഗണിക്കുന്ന കാര്യം അറിഞ്ഞതെന്നും ഹർജി മാറ്റിവെക്കണമെന്നുമായിരുന്നു അഭിഭാഷകൻ ആവശ്യമുന്നയിച്ചത്.
ഇക്കാര്യം അറിയിച്ചപ്പോൾ ലോകായുക്തയും ഉപലോകായുക്തയും ആർ.എസ്. ശശികുമാർ വന്നിട്ടില്ലേ എന്ന് ചോദിച്ചു. ഇല്ലെന്ന് മനസ്സിലായപ്പോൾ ‘അദ്ദേഹത്തിന് വാദിക്കാമായിരുന്നില്ലേ? മാധ്യമങ്ങളിൽ ഇരുന്ന് കണ്ടമാനം വാദിക്കുന്നുണ്ടല്ലോ? ജഡ്ജിമാർ മോശക്കാരാണെന്നും സമ്മർദ്ദത്തിനും വഴങ്ങി പറഞ്ഞു കൊണ്ടിരിക്കുന്നല്ലോ?’ ലോകായുക്തയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനമുയർന്നു.
അതേസമയം ആർ.എസ്. ശശികുമാറിന്റേത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിലപാടെന്ന് ഹാറൂൺ അൽ റഷീദ് പറഞ്ഞു. വഴിയിൽ ഒരു പേപ്പട്ടി കുരക്കുന്നത് കണ്ടാൽ അതിന്റെ വായിൽ കോലിടാതെ മാറിപ്പോകുന്ന നിലപാടാണ് തങ്ങളുടേത് എന്നാണ് ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞത്. താൻ വിമർശിച്ചത് ലോകായുക്തയെ അല്ലെന്നും ലോകായുക്തയുടെ നടപടികളെയാണെന്നും ആർ.എസ്. ശശികുമാർ വ്യക്തമാക്കി. വിധിയിൽ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് റിവ്യൂ ഹർജി നൽകിയതെന്നും ശശികുമാർ കൂട്ടിച്ചേർത്തു.
Comments