ലോകത്ത് അനവധി തരത്തിലുള്ള പക്ഷികളുണ്ട്. അതിൽ പലതിനെയും നാം വീടുകളിൽ വളർത്താറുമുണ്ട്. ചില പക്ഷികളുടെ രൂപഭംഗി ആരെയും ആകർഷിക്കും. ഭംഗിയുണ്ടെങ്കിലും ചില പക്ഷികൾ വളരെ അപകടകാരികളാണ്. അത്തരത്തിലൊരു പക്ഷിയാണ് കാസോവറി. സാധാരണയായി മഴക്കാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കഴിയുന്ന ഇവ പൊതുവെ അക്രമകാരികളല്ല. എന്നാൽ, കാസോവറികൾ പ്രകോപിതരാകുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ അവ വളരെ വലിയ നാശങ്ങൾ ഉണ്ടാക്കും. വടക്കൻ ഓസ്ട്രേലിയ, ന്യൂ ഗിനിയ, ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപുകളിലുമാണ് കാസോവറികൾ കാണപ്പെടുന്നത്. ഇവയ്ക്ക് പറക്കാൻ സാധിക്കില്ല.
മൂന്ന് തരം കാസോവറികൾ ഉണ്ട്. ഒന്ന്, തെക്കൻ കാസോവറി. തിളങ്ങുന്ന നീല തല, രണ്ട് ചുവന്ന വാട്ടുകൾ, കറുത്ത തൂവലുകൾ എന്നിവയാണ് കാസോവറികളുടെ ഭംഗി വർദ്ധിപ്പിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. ഇടയ്ക്കിടെ യൂക്കാലിപ്റ്റസ് വനങ്ങളിലോ വനപ്രദേശമായ ചതുപ്പുനിലങ്ങളിലോ ഇവ കാണപ്പെടുന്നു. വടക്കൻ കാസോവറി, കുള്ളൻ കാസോവറി എന്നിവയാണ് മറ്റ് രണ്ട് ഇനങ്ങൾ. ഇതിൽ വടക്കൻ കാസോവറികളാണ് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്നത്. ദിനോസറുകൾ ഇവരുടെ പൂർവികരാണ് എന്നതിൽ സംശയമില്ല.
ഏറ്റവും വലിയ കാസോവറികൾക്ക് ആറടി വരെ ഉയരവും 160 പൗണ്ട് വരെ ഭാരവും ഉണ്ടാകും. ഈ വലിയ പക്ഷികൾക്ക് പറക്കാൻ കഴിയില്ല. പക്ഷേ, അതിശക്തമായ കാലുകൾ വളരെ വേഗത്തിൽ അവയെ ഓടാൻ സഹായിക്കുന്നു. നല്ലപോലെ നീന്താൻ അറിയുന്ന ഇവ വെള്ളത്തിലൂടെയും വേഗത്തിൽ സഞ്ചിരിക്കും. മഴക്കാടുകൾക്കിടയിലൂടെ മണിക്കൂറിൽ 31 മൈൽ വേഗതയിൽ കാസോവറികൾ ഓടുന്നു. 7 അടി വരെ ഉയരത്തിൽ ചാടാനും ഇവയ്ക്ക് സാധിക്കും. കരുത്തുറ്റ കാലുകൾ കൊണ്ട് എതിരാളികളെ ചവിട്ടി വീഴ്ത്താനും കാസോവറികൾക്ക് കഴിയും. 4 ഇഞ്ച് വരെ നീളമുള്ള ഇവയുടെ മൂർച്ചയുള്ള കഠാര പോലുള്ള നഖങ്ങൾ ഉപയോഗിച്ച് മനുഷ്യരെയും ഏത് മൃഗങ്ങളെയും പരിക്കേൽപ്പിക്കാൻ കഴിയും.
കാസോവറികളുടെ ഇഷ്ടഭക്ഷണം മഴക്കാടുകളിൽ കൊഴിഞ്ഞുവീണ പഴങ്ങളാണ്. പഴങ്ങൾ പറിച്ചെടുക്കാൻ അവയുടെ നഖങ്ങൾ ഉപയോഗപ്രദമാണ്. പ്രാണികൾ, ഒച്ചുകൾ, ഫംഗസുകൾ, ചിലപ്പോൾ ചത്ത മൃഗങ്ങൾ എന്നിവയെയും ചിലപ്പോൾ ഇവ ഭക്ഷണമാക്കുന്നു. അരുവികളിൽ ഇരുന്നുകൊണ്ട് ഇവ തങ്ങളുടെ തൂവലുകൾ വിരിച്ച് വലപോലെയാക്കി മീനുകളെയും പിടിക്കുന്നു. പെൺ കാസോവറികൾ കാടിന്റെ തറയിൽ കൂടുണ്ടാക്കി മുട്ടയിടുന്നു. കൂട്ടിൽ സാധാരണയായി മൂന്നോളം മുട്ടകൾ ഉണ്ടാകും. അവ വിരിയുന്നത് വരെ ആൺ പക്ഷി 50 ദിവസത്തോളം കൂട്ടിൽ ഇരിക്കും. ഒരു കാസോവറി മുട്ടയ്ക്ക് ശരാശരി 10 കോഴിമുട്ടകൾക്ക് തുല്യമായ ഭാരമുണ്ടാകും.
Comments