മുംബൈ: നൂറ് വർഷത്തിലേറെ പഴക്കമുള്ള പ്രശസ്ത ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ക്ഷേത്രം പൂക്കൾ കൊണ്ട് അലങ്കരിച്ചു. മൊഗ്രാ ഉത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്ര ട്രസ്റ്റും സുവർണയുഗ് തരുൺ മണ്ഡലും ചേർന്ന് പൂക്കൾകൊണ്ട് ക്ഷേത്രം അലങ്കരിച്ചത്. വിവിധ ഇനത്തിലുള്ള 50 ലക്ഷം പൂക്കളാണ് ക്ഷേത്രം അലങ്കരിക്കുന്നതിന് ഉപയോഗിച്ചത്.
റോസാപ്പൂക്കൾ, താമരപൂക്കൾ, മഗ്നോളിയകൾ, ജമന്തികൾ എന്നിവയാൽ ക്ഷേത്രം ദർശനത്തിന് എത്തുന്ന ഭക്തർക്ക് അത്ഭുത കാഴ്ചയാണ് സമ്മാനിക്കുന്നത്. 250 സ്ത്രീകളും 70 പുരുഷന്മാരുമടങ്ങുന്ന സംഘം മൂന്ന് ദിവസത്തോളം പ്രയത്നിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. പൂനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്നത്.
ഉത്സവത്തിൽ 700 കിലോ മുല്ലപ്പൂ, 30,000 മഗ്നോളിയ, 26,000 റോസാപ്പൂവ്, 90 കിലോ ഒലിയാൻഡർ, 300 കിലോ ജമന്തി, 500 കിലോ താമരയുമാണ്് അലങ്കാരത്തിനായി തിരഞ്ഞെടുത്തത്. മൊഗ്രാ ഉത്സവം എന്നാൽ മുല്ലപ്പൂ ഉത്സവം എന്നാണർത്ഥം. ശ്രീകോവിൽ, ചുവരുകൾ, തൂണുകൾ, തുടങ്ങിയ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളും മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
പ്രതിവർഷം ലക്ഷകണക്കിന് തീർത്ഥാടകരാണ് ക്ഷേത്ര സന്ദർശനത്തിനെത്തുന്നത്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ക്ഷേത്രത്തിന് 130 വർഷം പഴക്കമുണ്ട്. മൈസൂരിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്ത ചന്ദനപ്പൊടിയും സുഗന്ധദ്രവ്യങ്ങളും കൊണ്ടാണ് വിഗ്രഹത്തിൽ അലങ്കാരം നടത്തുന്നത്.
Comments