പാലക്കാട്: കേരളത്തിനായി കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് പാലക്കാട് സ്റ്റേഷനിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ബിജെപി പ്രവർത്തകരും ജനങ്ങളും മുദ്രാവാക്യങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് വന്ദേഭാരത് എക്സ്പ്രസിനെ വരവേറ്റത്. ഇത് മോദിസർക്കാർ കേരളത്തിന് നൽകിയ വിഷു കൈനീട്ടമാണെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
സാധാരണക്കാരന്റെ നെഞ്ചത്ത് മഞ്ഞക്കുറ്റി സ്ഥാപിച്ച് കെ റെയിൽ കൊണ്ടുവരാനാണ് കേരള സർക്കാർ ശ്രമിച്ചതെന്ന് ജനങ്ങൾ വിമർശിച്ചു. സിൽവർ ലൈനിനായി പാവപ്പെട്ടവരുടെ വീടും പറമ്പും കയ്യേറിയ പിണറായി സർക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ഇതെന്നും ജനങ്ങൾ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഒരിക്കലും വരാൻ പോകുന്നില്ല എന്ന ഭരണ- പ്രതിപക്ഷ നേതാക്കളുടെ പ്രചരണങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എത്തിയതെന്നും ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരുമാണ് ഇത് സാധ്യമാക്കിയതെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് കേരളത്തിലേക്കെത്തിയത്. 16 കോച്ചുകളുമായാണ് ട്രെയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ വന്ദേഭാരത് എക്സ്പ്രസ് ഏറണാകുളം സ്റ്റേഷനിൽ എത്തിചേരും തുടർന്ന് വൈകിട്ട് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ എത്തിച്ചേരും. ഏപ്രിൽ 24-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്യും
Comments