മലയാളികൾക്ക് വ്യത്യസ്തമായ വിഷു ആശംസയുമായി പ്രിയനടി മഞ്ജു വാര്യർ. ‘രാധേശ്യാം’ എന്ന കൃഷ്ണവേഷത്തിലുള്ള
മഞ്ജുവിന്റെ തന്നെ ചിത്രമാണ് വിഷുസമ്മാനമായി പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചിത്രം പങ്കുവെച്ചത്. നടി അരങ്ങിലെത്തിച്ച കുച്ചിപ്പുടി ഡാൻഡ് ഡ്രാമയിലെ ചിത്രമാണ് അത്. അനന്തതയുടെ വർണമായ നീല നിറത്തിൽ ശോഭിക്കുന്ന, മൗലിയിൽ മയിൽപീലിയോടെ, കയ്യിൽ ഓടക്കുഴലോടെയുള്ള കൃഷ്ണ വേഷത്തിലുള്ള തന്റെ ചിത്രമാണ് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.
ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത സൂര്യ ഫെസ്റ്റിവലിൽ രാധേ ശ്യാം എന്ന നൃത്തനാടകത്തിൽ മഞ്ജു അവതരിപ്പിച്ചപ്പോൾ പകർത്തിയ ചിത്രമാണിത്. കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം മഞ്ജു വാര്യരുടെ ആദ്യ നൃത്തനാടകമായിരുന്നു.
.ഗീത പത്മകുമാർ ആവിഷ്‌കാരം ഒരുക്കിയ നൃത്ത നാടകം അന്ന് ഹർഷാരവത്തോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. കേട്ടു ശീലിച്ച കൃഷ്ണ രാധ പ്രണയ കഥകളെ കോർത്തിണക്കി ഒരുക്കിയ രാധ ശ്യാം നൃത്തനാടകത്തിൽ കലാക്ഷേത്ര പൊന്നിയായിരുന്നു രാധയായി വേദിയിലെത്തിയത്. സിനിമയുടെ തിരക്കിൽ നിൽക്കുമ്പോഴും നൃത്തത്തിനു സമയം കണ്ടെത്തിയ മഞ്ജു വാര്യരെ പ്രശംസിച്ചിരുന്നു അന്ന് മലയാളികൾ.
കൃഷ്ണ വേഷത്തിലുള്ള ചിത്രം പങ്കുവെയ്‌ക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് രാധേ ശ്യാം നൃത്ത നാടകത്തിന്റെ റിഹേഴ്‌സൽ വീഡിയോയും മഞ്ജു പങ്കുവെച്ചിരുന്നു. നൃത്തം ചെയ്യുമ്പോൾ നമ്മൾ വിയർക്കുകയല്ല, തിളങ്ങുകയാണെന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
Comments