ന്യുഡൽഹി : അംബേദ്കറിന്റെ 132-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് ഭാരത് ഗൗരവ് അംബേദ്കർ ട്രെയിൻ സർവീസ് ആരംഭിച്ചു. മഹാരാഷ്‌ട്രയും ബീഹാറും ഉൾപ്പെടുന്ന ചരിത്ര പ്രധാന്യമുള്ള നഗരങ്ങളിലാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ 22-ന് സർവീസ് പൂർത്തീകരിക്കും.
സാമൂഹ്യ പരിഷ്‌കർത്താക്കളുമായി ബന്ധപ്പെട്ട നഗരങ്ങളിലേക്കാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഏപ്രിൽ 16-ന് നാഗപൂരിൽ എത്തിയ വിനോദസഞ്ചാരികൾ ദീക്ഷാഭൂമി, ഡ്രാഗൺ പാലസ് തുടങ്ങിയ പ്രസിദ്ധമായ നഗരങ്ങൾ സന്ദർശിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. യാത്രക്കാർ അംബേദ്കറുടെ ജന്മസ്ഥലമായ മോവിലെത്തി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു. തുടർന്ന്, ഭീംജന്മഭൂമിയിലെ സ്മൃതിമണ്ഡപത്തിലെത്തിയ യാത്രക്കാർ അംബേദ്കറിന്റെ ജീവിതം, പോരാട്ടങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. സാഞ്ചി, വാരണാസി, കാശിവിശ്വനാഥ ക്ഷേത്രം എന്നിവ സന്ദർശനത്തിന്റെ ഭാഗമായിരിക്കും.
ഇന്ത്യൻ റെയിൽവേയുടെ 170 വർഷങ്ങൾ പൂർത്തിയാക്കുന്ന സുദിനത്തിലാണ് ചരിത്ര പ്രധാന്യമുള്ള ദീക്ഷാഭൂമിയിൽ സന്ദർശിക്കുന്നത്. എല്ലാവിധ ആധുനിക സംവിധാനങ്ങളും നടപ്പിലാക്കിയ കോച്ചുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. ട്രെയിൻ യാത്രക്കാർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയതായി റെയിൽവേ അറിയിച്ചു.
‘ദേഖോ അപ്നാ ദേശ്’ പ്രോഗ്രാമിന് കീഴിൽ 2021 നവംബർ മാസമാണ് കേന്ദ്രസർക്കാർ ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂർ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Comments