തിരുവനന്തപുരം: കെഎസ്‌യുവിൽ പോര് ശക്തമാകുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പ് പോര് തുടരുകയാണ്. സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യറുമായി സഹകരിക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശം. പോരിന് കോൺഗ്രസ് നേതാക്കൾ തന്നെ നേതൃത്വം നൽകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഇതോടെ രമേശ് ചെന്നിത്തല, കെ സുധാകരൻ പക്ഷങ്ങൾ പരിപാടികളിൽ നിന്ന് വിട്ടുനിന്നു.ഇന്നലെ നടന്ന ഏജീസ് ഓഫിസ് മാർച്ചിൽ നിന്നാണ് പ്രവർത്തകരും ഭാരവാഹികളും വിട്ടുനിന്നത്. പ്രതിഷേധ മാർച്ച് പൊളിക്കാൻ ഇരുഗ്രൂപ്പുകളും ശ്രമിച്ചെന്നും എന്നാൽ അത് സാധിച്ചില്ലെന്നുമാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
കെഎസ്‌യു ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ അർഹമായ ഗ്രൂപ്പ് പ്രാതിനിധ്യം കിട്ടിയില്ലെന്നുള്ള പരാതിയെ തുടർന്നാണ് ഗ്രൂപ്പ് പോര് ആരംഭിക്കുന്നത്. തുടർന്ന് പാർട്ടി പരിപാടികളിൽ നിന്നും പല ഗ്രൂപ്പുകളും നിസഹകരണം തുടങ്ങി. പട്ടിക പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഭാരവാഹി പ്രഖ്യാപനത്തെ എതിർത്ത് കെ സുധാകരൻ രംഗത്തെത്തി. പിന്നാലെ രമേശ് ചെന്നിത്തലയും എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. ഇരുനേതാക്കളും മുന്നോട്ട് വെച്ച പട്ടികയിൽ ഭാരവാഹികളായി എത്തേണ്ടവരാണ് പരിപാടിയിൽ നിന്നും മാറി നിന്നത്. കണ്ണൂരിൽ നിന്നുള്ള സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് ഉൾപ്പടെ മാർച്ചിനെത്തിയില്ല.
മാർച്ച് പൊളിക്കാനുള്ള നീക്കമുണ്ടെന്ന് തിരിച്ചറിഞ്ഞ വിഡി സതീശൻ പക്ഷക്കാരനായ സംസ്ഥാന പ്രസിഡൻറ്, എ ഗ്രൂപ്പിന്റെയും കെസി വേണുഗോപാൽ പക്ഷത്തിന്റെയും പിന്തുണയിൽ ആളെക്കൂട്ടുകയായിരുന്നു. ഭാരവാഹി പട്ടികയിൽ വെട്ടും തിരുത്തും വരുത്തിയതിൽ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് അറിവുണ്ടായിരുന്നുവെന്നാണ് ഐ ഗ്രൂപ്പും സുധാകരൻ പക്ഷവും ആരോപിക്കുന്നത്. ഇതേ തിടർന്നാണ് നിസഹകരണം സ്വീകരിച്ചത്. ഏഴുപേരെ സംസ്ഥാന ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കമെന്ന കർശന നിലപാടാണ് ഐ ഗ്രൂപ്പിനുള്ളത്. സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായെത്തിയ ട്രാൻജെൻഡർ അരുണിമയെയും ഈ നിലപാട് ബാധിക്കുമെന്ന് മറുപക്ഷം വാദിക്കുന്നു. ചേരിതിരിഞ്ഞുള്ള തമ്മിലടി മുറുകുകയാണ് കെഎസ്‌യുവിൽ.
Comments