ചെന്നൈ ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുമ്പോൾ യാത്ര രജനികാന്ത് ചിത്രം പോലെ സൂപ്പർ ഹിറ്റാകുന്നു . 2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ – മൈസൂരു ട്രെയിനിലും കഴിഞ്ഞ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലെ ട്രെയിനിൽ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാകുമ്പോൾ ചെന്നൈ–കോയമ്പത്തൂർ–ചെന്നൈ വന്ദേഭാരതിൽ മേയ് 8 വരെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായിക്കഴിഞ്ഞു. കോയമ്പത്തൂർ– സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന് 7 മണിക്കൂർ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താൻ. യാത്രാസമയം സമയം കുറയുന്നത് പാലക്കാട്ടേയ്ക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികൾക്കും സൗകര്യമാണ്
തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീൻ, എമർജൻസി വിൻഡോ, എമർജൻസി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, ടച്ച് സ്ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. എസി ചെയർ കാറിന് 1215 രൂപ മുതലും എക്സിക്യൂട്ടീവ് കാറിന് 2,310 രൂപ മുതലുമാണ് നിരക്ക്.
ചെന്നൈ–ജോലാർപെട്ട് സെക്ഷനിൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 കി.മീ വേഗത്തിലാണ് ഓടുന്നത്. ഈ സെക്ഷനിൽ ട്രെയിനുകളുടെ വേഗപരിധി 110 കി.മീ. നിന്ന് 130 കി.മീ. ആയി വർധിപ്പിച്ചതും പരമാവധി വേഗം നേടാൻ സഹായമായി. മൈസൂരു റൂട്ടിൽ യാത്രാ സമയം ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കാണ് പുതിയ വന്ദേഭാരതിനെ ആകർഷകമാക്കുന്നത് . രാവിലെ 5.50ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന വന്ദേഭാരത്, 7.21ന് കാട്പാടിയിലും 10.15ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലും എത്തും.
Comments