തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയ യുവതിയുടെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. കുഞ്ഞിന്റെ അമ്മയും താനും ഒരുമിച്ച് വീട്ടുജോലി ചെയ്തിരുന്നപ്പോൾ പരിചയമുണ്ടായിരുന്നു എന്ന മൊഴിയാണ് യുവതി നൽകിയത്. അതോടൊപ്പം കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള നടപടികളും തുടരുകയാണ്.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നിന്നുമാണ് മൂന്നുലക്ഷം രൂപയ്‌ക്ക് നവജാതശിശുവിനെ വിറ്റത്. താൻ പ്രസവിച്ച കുഞ്ഞെന്ന മൊഴിയാണ് കുഞ്ഞിനെ വാങ്ങിയ യുവതി ആദ്യം നൽകിയത്. വിശദമായ അന്വേഷണത്തിൽ അങ്ങനെയല്ലെന്ന് വ്യക്തമായി. തുടക്കത്തിൽ തന്നെ കളവ് പറഞ്ഞ സാഹചര്യത്തിലാണ് തുടർന്നുള്ള മൊഴിയും പോലീസ് പൂർണമായി വിശ്വാസത്തിൽ എടുക്കാത്തത് . കുഞ്ഞിന്റെ അമ്മയെ രണ്ടുവർഷമായി അറിയാമെന്ന് യുവതി പറയുന്നു. എന്നാൽ കുഞ്ഞിനെ വാങ്ങിയ യുവതി വീട്ടുജോലിക്ക് പോയി എന്ന കാര്യം പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഇവർ കോവളത്ത് റിസോർട്ടിൽ ജോലി ചെയ്തിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ വിറ്റ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തി. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തൽ. കരിയം ഭാഗത്ത് നേരത്തെ ഫോൺ ഉപയോഗിച്ചതിന്റെ ടവർ വിവരങ്ങൾ ലഭിച്ചു. ഈ രണ്ടു സ്ഥലങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിൽപ്പനയിൽ ഇടനിലക്കാരുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിന് മുൻപ് തന്നെ 52,000 രൂപ നൽകിയിരുന്നു. കുഞ്ഞിനെ കൈമാറിയപ്പോൾ 2,48,000 രൂപയും നൽകി. തമ്പാനൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കിയിട്ടുണ്ട്.
















Comments