കാബൂൾ: ഈദുൽ ഫിത്തറിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കി താലിബാൻ. പെരുന്നാൾ ദിവസം സ്ത്രീകൾ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് നിരോധിച്ചിരിക്കുന്നത്. ബഗ്ലാൻ, തഖർ, പ്രവിശ്യയിലാണ് ഭരണകൂടം ഇത്തരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ അഫ്ഗാനിസ്ഥാനിലെ ഹെറാൻ പ്രവിശ്യയിൽ ഭക്ഷണശാലകളിൽ സ്ത്രീകളെ വിലക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷണശാലകളിലും പൂന്തോട്ടങ്ങളിലും സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് ഒത്തുകൂടുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നിരോധനം. റെസ്റ്റോറന്റികളിൽ എത്തി ഭക്ഷണം കഴിക്കുന്ന സ്ത്രീകൾ ശിരോവസ്ത്രം നേരെ ധരിക്കുന്നില്ല എന്നതും നിരോധനത്തിന് കാരണമായി താലിബാൻ ചൂണ്ടിക്കാട്ടിയിരുന്നു.
2021ൽ അഫ്ഗാനിസ്ഥാനിലെ അധികാരം താലിബാൻ പിടിച്ചടക്കിയ ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനടക്കം താലിബാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ പാർക്കുകളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സ്തീകൾക്ക് വിലക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന താലിബാൻ നടപടികൾക്കെതിരെ ഐക്യരാഷ്‌ട്ര സഭ അടക്കം രംഗത്തുവന്നിരുന്നു.
അഫ്ഗാനിസ്ഥാന് ലോകരാജ്യങ്ങൾ സാാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനാൽ രാജ്യം വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയും നേരിടുന്നുണ്ട്.
Comments