വാഷിംഗ്ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കുന്ന ബിൽ സ്റ്റേറ്റ് സെനറ്റ് പാസാക്കിയതായി പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റ് അംഗം നികിൽ സവൽ അറിയിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് സെനറ്റ് അംഗങ്ങളായ ഗ്രെഗ് റോത്ത്മാനും നികിൽ സാവലും ചേർന്ന് ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ബിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സെനറ്റ് ബിൽ പാസാക്കിയിരിക്കുന്നത്. ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്നതിലൂടെ കോമൺവെൽത്തിന്റെ സംസ്കാരം ഉയർത്താൻ സാധിക്കുമെന്ന് സെനറ്റ് അംഗങ്ങൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇവർ ഇക്കാര്യങ്ങൾ അറിയിച്ചത്.
പെൻസിൽവാനിയയിൽ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷം നവംബർ 12-ന് ദീപാവലി ആചരിക്കുകയും അവധിയായി കണക്കാക്കുകയും ചെയ്യും. ‘ഇനി ഓരോ വർഷവും ദീപവലി പ്രകാശത്തിന്റെയും ബന്ധത്തിന്റെയും ഉത്സവമായി പെൻസിൽവാനിയയിലും ആഘോഷിക്കുമെന്ന്’ നികിൽ സവൽ ട്വിറ്ററിൽ കുറിച്ചു.
Comments