തൃശൂര്‍: പൂരം ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം ഷൊർണൂർ റോഡിൽ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റെ പ്രദർശനം ആഗ്രശാലയിലുമാണ് നടക്കുന്നത്. പ്രദർശനങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ കെ. രാജൻ, ഡോ.ആർ. ബിന്ദു എന്നിവർ നിർവഹിച്ചു.
ഇരു വിഭാഗത്തിന്റെയും 15 ആനകളെ അണിയിക്കാനുള്ള ചമയങ്ങളാണ് പ്രദർശനത്തിനുള്ളത്. ആനകളെ അലങ്കരിക്കുന്ന നെറ്റിപ്പട്ടം, മണികൾ, ആലവട്ടം, വെഞ്ചാമരങ്ങൾ, കുടമാറ്റത്തിനുള്ള വിവിധ വർണക്കുടകൾക്കൊപ്പം ചില സ്പെഷ്യൽ കുടകളും പ്രദർശനത്തിലുണ്ട്. കുടമാറ്റത്തിനു മാത്രം പുറത്തെടുക്കുന്ന സ്പെഷൽ കുടകൾ അണിയറയിൽ ഭദ്രമാണ്.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകളുമായി പാറമേക്കാവ് ആഗ്രശാല മാറി. തിരുവമ്പാടിയുടെ കൗസ്തുഭം ഹാളിലും കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണുളളത്. പ്രദർശനം തുടങ്ങിയതോടെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി 11 മണി വരെയാണ് ചമയ പ്രദർശനം. തിരക്ക് പരിഗണിച്ച് നാളെയും പ്രദർശനം ഉണ്ടാകും. നാളെ പ്രദര്‍ശനം രാത്രി പന്ത്രണ്ട് വരെയാണ്. പി. ബാലചന്ദ്രൻ എംഎൽഎ മേയർ എം.കെ വർഗീസ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Comments