പശ്ചിമ ബംഗാൾ ദുർഗ്ഗ ക്ഷേത്രങ്ങൾക്ക് പ്രശസ്തമാണ്. അതിൽ എറ്റവും പ്രധാനമാണ് ദക്ഷിണ കാളീശ്വർ ക്ഷേത്രം. ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരാശക്തി ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ബംഗാളിലെ പ്രശസ്തമായ നവരത്‌ന വാസ്തുവിദ്യ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രം എന്നതിലുപരി ബംഗാളിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഇടം കൂടിയാണ് ദക്ഷിണ കാളീശ്വർ ക്ഷേത്രം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ റാണി രാഷ്മോണിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. ദക്ഷിണേശ്വർ ഗ്രാമത്തിൽ 30,000 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താന്ത്രിക പാരമ്പര്യമനുസരിച്ച് ശക്തിയുടെ ആരാധനയ്‌ക്ക് അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ആമയുടെ ആകൃതിയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. എട്ട് നീണ്ട വർഷങ്ങളുമാണ് ക്ഷേത്രം പൂർത്തിയാക്കുവാനായി വേണ്ടിവന്നത്.
ആയിരം ഇതളുകളുള്ള താമര ഘടിപ്പിച്ച സിംഹാസനം ക്ഷേത്ര ശ്രീകോവിലിന്റെ മുഖ്യ ആകർഷണമാണ്. വെളളിയിലാണ് ആയിരം ഇതളുകളും നിർമ്മിച്ചിരിക്കുന്നത്. ശിവന്റെ നെഞ്ചിൽ നിൽക്കുന്ന രൂപമാണ് ഈ വിഗ്രഹത്തിനുള്ളത്. രണ്ട് വിഗ്രഹങ്ങളും വെള്ളിയിൽ നിർമ്മിച്ച ആയിരം ഇതളുകളുള്ള താമര സിംഹാസനത്തിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് സമീപം, പുറത്ത് ഹൂഗ്ലി നദിയിലെ ഘട്ടിന്റെ ഇരുവശത്തുമായി 12 ശിവക്ഷേത്രങ്ങളും. ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക് കിഴക്കായി വിഷ്ണു ക്ഷേത്രം അല്ലെങ്കിൽ രാധാ കാന്ത ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.















