ന്യൂയോര്‍ക്ക്: അര്‍ജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്പെയിന്‍ ക്യാമ്പിന് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ കളിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്ന കൗമാര സൂപ്പര്‍താരം ലമീന്‍ യമാല്‍ പൂര്‍ണ ഫിറ്റാണെന്നും അര്‍ജന്റീനയ്‌ക്കെതിരായ കലാശപ്പോരില്‍ ആദ്യ ഇലവനില്‍ തന്നെ ഇറങ്ങുമെന്നും സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫുവെന്റെ സ്ഥിരീകരിച്ചു.
സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ വിജയത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യമാല്‍ കഴിഞ്ഞ ദിവസം ടീമിനൊപ്പമുള്ള പ്രധാന പരിശീലനത്തില്‍ പങ്കെടുക്കാതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെയാണ് ലോകകപ്പ് ഫൈനലില്‍ താരം കളിക്കുമോയെന്ന ആശങ്ക ശക്തമായത്. എന്നാല്‍ ഫൈനലിന് മുമ്പ് പ്രതികരിച്ച പരിശീലകന്‍ യമാല്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മത്സരത്തിന് സജ്ജമാണെന്നും വ്യക്തമാക്കി.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനാകാതിരുന്ന സ്പെയിന്‍, പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാബോ വെര്‍ദെയുമായി ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും, തുടര്‍ന്ന് സൗദി അറേബ്യയെ 4-0നും ഉറുഗ്വെയെ 1-0നും തോല്‍പ്പിച്ച് മുന്നേറി.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ 3-1ന് കീഴടക്കിയ സ്പെയിന്‍, പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 91-ാം മിനിറ്റിലെ മികേല്‍ മെറിനോയുടെ ഗോളില്‍ മറികടന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ച സ്പാനിഷ് സംഘം സെമിഫൈനലില്‍ ഫ്രാന്‍സിനെ 2-0ന് വീഴ്‌ത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. മികേല്‍ ഒയാര്‍സബാല്‍, പെഡ്രോ പോറോ എന്നിവരാണ് സെമിയില്‍ സ്‌കോര്‍ ചെയ്തത്.
അതേസമയം, നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനവുമായാണ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് നേടിയപ്പോള്‍, ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്റെ 18-ാം ഗോള്‍ നേടി മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡും മറികടന്നു.
നോക്കൗട്ട് റൗണ്ടുകളില്‍ കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചാണ് അര്‍ജന്റീന കലാശപ്പോരിലെത്തിയത്. റൗണ്ട് ഓഫ് 32ല്‍ കാബോ വെര്‍ദെയെ എക്സ്ട്രാ ടൈമില്‍ കീഴടക്കിയ അര്‍ജന്റീന, റൗണ്ട് ഓഫ് 16ല്‍ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിലായ ശേഷം തിരിച്ചടിച്ച് വിജയിച്ചു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും സെമിയില്‍ ഇംഗ്ലണ്ടിനെയും മറികടന്നാണ് മെസിപ്പട തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഫൈനലിലേക്ക് കടന്നത്.















