ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാക്കി കുങ്കി ആനകൾ ചിന്നക്കനാൽ വിടാൻ ഒരുങ്ങുന്നു. മുത്തങ്ങയിലേയ്‌ക്ക് തന്നെ ആയിരിക്കും കുങ്കികൾ മടങ്ങുന്നത്. മിഷൻ പരാജയപ്പെടുമെന്ന് തോന്നിയ അവസരത്തിൽ അരിക്കൊമ്പനെ ലോറിയിൽ തള്ളിക്കയറ്റിയാണ് കുങ്കികൾ ദൗത്യം വിജയിപ്പിച്ചത്. ഏകദേശം നാൽപ്പത് ദിവസമായി ചിന്നക്കനാലിൽ തുടരുകയാണ് ഇവർ.
ഒരു മാസത്തിലേറെയായി ആനയിറങ്ങലിലെ ആർത്തുല്ലസിച്ച് പാപ്പാന്മാരുടെ ശിക്ഷണത്തിൽ നടക്കുകയായിരുന്നു കോന്നി സുരേന്ദ്രനും കുഞ്ചുവും വിക്രമും സൂര്യനും. അരിക്കൊമ്പന്റെ ശൗര്യത്തിന് മുന്നിൽ ഒന്ന് പതറിയപ്പോഴും മിഷൻ വിജയത്തിൽ എത്തിയ്‌ക്കാൻ പ്രധാന കാരണം കുംങ്കികൾ തന്നെയായിരുന്നു. ഇതിന്റെ ഇടയിൽ അരിക്കൊമ്പന്റെ കുത്തേറ്റ് കുങ്കികൾക്ക് പരിക്കേറ്റിറ്റുമുണ്ട്.
മുത്തങ്ങയിൽ എത്തിയ ശേഷമായിരിക്കും കുങ്കികൾക്ക് ചികിത്സ ഉൾപ്പെടെ നൽകുക. മാർച്ച് ഇരുപതിനാണ് മിഷൻ അരികൊമ്പന് വേണ്ടി വിക്രം എന്ന താപ്പാന എത്തിയത്. പിന്നീട് മിഷന്റെ കാഠിന്യമേറുമെന്ന് മനസ്സിലാക്കി അടുത്ത ദിവസങ്ങളിലായി സൂര്യനും സുരേന്ദ്രനും കുഞ്ചുവും എത്തി. കുങ്കികളെ കാണാൻ ഒരു മാസത്തിനിടെ ചിന്നക്കനാലിൽ വന്നു പോയത് നൂറുകണക്കിന് ആളുകളാണ്. ഒടുവിൽ മിഷൻ സക്സസ് ആയ സന്തോഷത്തിൽ കുങ്കികളും പാപ്പാന്മാരും മടങ്ങുമ്പോൾ ആദരമൊരുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
















Comments