ലക്നൗ: രാമക്ഷേത്രം ഉയരുന്നതോടെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം അവസാനം തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയുടെ വികസനത്തിന് ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുകൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമജന്മഭൂമി യാഥാർത്ഥ്യമാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ച നയങ്ങളോട് രാജ്യം പ്രതിജ്ഞാബദ്ധരാണ്. അയോദ്ധ്യ ഇന്ന് അഭിമാനത്തോടെ ലോകത്തെ ആകർഷിക്കുകയാണ്. 2017-ന് മുൻപ് അയോദ്ധ്യയുടെ പേര് പോലും പറയാൻ മടിച്ചിരുന്ന ആളുകൾ ഇപ്പോൾ നഗരത്തിലേക്ക് വരാൻ ഏറെ ഉത്സാഹം കാണിക്കുന്നു.നിർമ്മാണം പൂർത്തിയാകുന്നതോടെ അയോദ്ധ്യ ആദ്യത്തെ സൗരോർജ്ജ നഗരമാകും. വീടുകളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള പാനലുകൾ വഴി സൗരോർജ്ജം ഇവിടെ ഉൽപ്പാദിപ്പിക്കും. വിവിധ കോളേജുകൾ, സർവ്വകലാശാലകൾ എന്ന് തുടങ്ങി സരയൂ നദിയുടെ തീരത്തും കനാലുകളിൽ പോലും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. അയോദ്ധ്യ എല്ലാവരെയും ആകർഷിക്കുകയാണ്. ജനപ്രതിനിധികൾ തികഞ്ഞ അർപ്പണബോധത്തോടെയാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിന് ഡിസ്നിലാൻഡ് മാതൃകയിൽ ‘രാമലാൻഡ്’ എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാൻ പദ്ധതിയിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീരാമന്റെ കഥ വിവരിക്കുന്ന രാമലാൻഡ് വിനോദസഞ്ചരത്തിനൊപ്പം പഠനവും എന്ന ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്. രാമായണത്തിലെ ഐതിഹാസിക കഥകൾ രാമലാൻഡിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും. ഇതുവഴി കുട്ടികളെയും മുതിർന്നവരെയും ഓരേ പോലെ ആകർഷിക്കാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പ് വിലയിരുത്തുന്നത്.
Comments