ലക്നൗ: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ രാമഭക്തരായ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തിന്റെ ഉത്സവമാണ് ഓരോ തിരഞ്ഞെടുപ്പെന്നും ഈ വേളയിൽ രാമഭക്തനായ ഒരാൾ അധികാരത്തിലേറിയാൽ സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്യാസിമാർ അടക്കം പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്ക് വോട്ട് ചെയ്താൽ അത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും യോഗി പറഞ്ഞു. രാമന്റെ സേവകൻ എന്ന നിലയിൽ, താൻ അയോദ്ധ്യയ്ക്കായി പരമാവധി സമയം നീക്കിവെക്കുകയും നഗരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രാമനവമിയിൽ 33 ലക്ഷത്തിലധികം ഭക്തർ അയോദ്ധ്യ സന്ദർശിച്ചുവെന്നും അടുത്ത വർഷം ജനുവരിയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുമ്പോൾ ഒരു കോടിയിലധികം ഭക്തർ രാമനവമി ദിനത്തിൽ അയോദ്ധ്യയിലെത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
ശുചിത്വം, നികുതി, പൊതുഗതാഗതം എന്നിവ നോക്കേണ്ടത് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത്തവണ ബിജെപി ദൗത്യം ഏൽപ്പിച്ചിരിക്കുന്നത് മഹന്ദ് ഗിരീഷ്പതി ത്രിപാഠിയെയാണ്. സന്ന്യാസിയായ അദ്ദേഹത്തിന് അയോദ്ധ്യയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ചയാണ് സമാപിക്കുന്നത്. ബിജെപി, കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നീ പാർട്ടികൾ തമ്മിലാണ് പ്രധാന മത്സരം.
Comments