ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ഇന്ന് കർണ്ണാടക ജനവിധിയെഴുതുകയാണ്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണ്ണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. കർണ്ണാടകയിൽ സുരക്ഷയ്‌ക്കായി 88000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയും ഗോവയുമായുള്ള അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാണ്.
അതേസമയം നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹുബ്ബള്ളിയിലെ ക്ഷേത്രം സന്ദർശിച്ച് ഹനുമാൻ കീർത്തനം ചൊല്ലി. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും സംസ്ഥാന വ്യാപകമായി ഹനുമാൻ കീർത്തനയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് ക്ഷേത്ര ദർശനം നടത്തി. ശിക്കാരിപൂരിലെ ശ്രീ ഹുച്ചരായ സ്വാമി ക്ഷേത്രത്തിൽ കുടുംബ സമേതമാണ് ദർശനം നടത്തിയത്. മകൻ ബിവൈ വിജയേന്ദ്ര നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ നോക്കി കാണുന്നത്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണ്ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്‌ക്കാണ് അവസാനിക്കുക.
Comments