എറണാകുളം: മലയാള സിനിമയിലേക്ക് വിദേശത്തു നിന്നും പണം ഒഴുകുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഒരു പ്രമുഖ നടനായ നിർമ്മാതാവ് 25 കോടി രൂപ പിഴയൊടുക്കി എന്ന വിവരങ്ങളും വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇത് പൃത്ഥ്വിരാജ് ആണെന്നുള്ള ചർച്ചയും സജീവമാണ്. ഇതോടെ, വിശദീകരണവുമായി വന്നിരിക്കുകയാണ് നടൻ. തനിക്ക് ഒരു പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും വ്യാജ വാർത്തകൾക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.
‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാദ്ധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാദ്ധ്യമ ധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്’.
‘ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്, ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല. ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. വ്യാജ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. വസ്തുതകൾ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ തുടർ വാർത്തകൾ മാദ്ധ്യമങ്ങൾ നൽകാവൂ’ എന്നും പൃഥ്വിരാജ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments